"ഇത്രനാള്‍ നടന്നിട്ടും ഇത്തിരി കടക്കാത്തൊ
രൊത്തിരി മേടാണല്ലോ ജീവിത മഹാരണ്യം
എത്തിനില്‍പ്പൂ ഞാനതില്‍ വക്കത്തീക്കാല്‍ വയ്പൊടു
ക്കത്തയല്ലിനിയെത്ര കാണുമെന്നറിയില്ല." - N.N.P

Offer Tribute

 •  
 • ആർട്ടിസ്റ്റ് സുജാതൻ November 15, 2022

  എൻ.എൻ.പിള്ള സാറിനെ ഓർക്കുമ്പോൾ മനസ്സിലേക്കോടിയെത്തുന്നത് ഒളശ്ശയിലെ നാടക റിഹേഴ്സൽ കാലമാണ്. ഡയണീഷ്യയിലെ നാടകവണ്ടിയിടുന്ന ഷെഡിൽ വച്ച് സെറ്റുകൾ വരയ്ക്കുന്നതും, അതിരാവിലെ സാറും ഓമനച്ചേച്ചിയും സെറ്റ് കാണാൻ വരുന്നതും ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ കണ്ടതിന് ശേഷമുള്ള അഭിപ്രായ പ്രകടനങ്ങളുമൊന്നും മരിക്കാത്ത ഓർമ്മകളായി ഇന്നും മനസ്സിൽ സൂക്ഷിക്കുന്നു. കുട്ടനും,സാറും കൂട്ടുകാരെപ്പോലെ ഇടപഴകുന്നതു കാണുമ്പോൾ എനിക്ക് ജീവിതത്തിൽ ലഭിക്കാതെ പോയ സൗഭാഗ്യം കുട്ടന് ലഭിച്ചതിലുള്ള അസൂയ ആയിരുന്നു മനസ്സ് നിറയെ. സ്നേഹസമ്പന്നനായ നാടകാചാര്യനിൽ നിന്നും ലഭിച്ചിട്ടുള്ള അഭിനന്ദന വാക്കുകളാണ് എന്നെ ഇന്നത്തെ ഞാനാക്കിയത്.

 • പി.ആർ ഹരിലാൽ November 14, 2022

  എൻ.എൻ.പിള്ളയ്ക്ക് സമം എൻ.എൻ പിള്ള മാത്രം

  ധീര, ശൂര, വീര തുടങ്ങിയ വിശേഷണങ്ങൾ ആലങ്കാരികമായി പലരെപ്പറ്റിയും പറയുന്നുണ്ട്. എന്നാൽ അക്ഷരാർത്ഥപ്രയോഗത്തിൽ അത് എൻ.എൻ.പിള്ള സാറിനെപോലെ അപൂർവ്വമാളുകൾക്ക് ചേർന്നതാണ്. നൈർമല്യതയും, സത്യസന്ധതയും സ്നേഹവായ്പും ചേർന്നതാണെന്ന് മാത്രം, തെളിവ് അദ്ദേഹത്തിന്റെ ജീവിതം തന്നെ. അനീതികൾക്കും അനാചാരങ്ങൾക്കും എതിരെ തന്റെ നാടകങ്ങളി ലൂടെയും പ്രവൃത്തികളിലൂടെയും ജീവിതം നയിച്ചു പ്രതികരിച്ച അദ്ദേഹം മാതൃക തന്നെ. മലയാള നാടക ചരിത്രത്തിൽ സാറിന്റെ കസേര എന്നും ഒഴിഞ്ഞു കിടക്കുക തന്നെ ചെയ്യും. മലയാള നാടക വേദിയിൽ ആചാര്യൻ ഒരാൾ മാത്രം, എൻ.എൻ.പിള്ള. നാടകലോകത്തും ജീവിത ലോകത്തും പട വെട്ടി മുന്നേറിയ എൻ.എൻ പിള്ള സാറിന്റെ സ്മരണയ്ക്ക് മുന്നിൽ ആത്മ പ്രണാമം

 • ബിജു നെട്ടറ June 21, 2022

  എന്‍.എന്‍.പിള്ളയെന്ന നിർഭയനായ നാടകകൃത്തിനെ രൂപപെടുത്തിയതിൽ ഒന്നിലധികം ഘടകങ്ങളുണ്ട്. അസാധാരണമായ ജീവിതാനുദവങ്ങള്‍ക്കു പുറമെ അറിവു തേടിയുള്ള ഒരു പ്രയാണമായിരുന്നു അദ്ദേഹത്തിന്റെ ജീവിത യാത്ര. വായനയും പഠനവും നിരീക്ഷണവും നിരന്തരം ജീവിതാന്ത്യം വരെ തുടരാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നു. സമൂഹത്തിലെ പുഴുക്കുത്തുകളേയും, ഹിപ്പോക്രസിയേയും മൂര്‍ച്ചയേറിയ ശൈലിയില്‍ വിമര്‍ശിക്കുവാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത്‌ ഈ ഘടകങ്ങളാണ്‌. ധീരവും നൂതനവുമായ പരീക്ഷണങ്ങളിലൂടെ ഒരു വലിയ വിദാഗം പ്രേക്ഷകരെ ആകര്‍ഷിക്കുവാന്‍ നടന്‍, സംവിധായന്‍ എന്നതിലുപരി ദാര്‍ശനിക ചിന്തകള്‍ പ്രസരിപ്പിക്കുന്ന ജീനിയസ്‌ എന്ന നിലയിലും എന്‍.എന്‍.പിള്ള വിലയിരുത്തപ്പെടുന്നു . മരണാനന്തരം മഹാന്മാരെക്കുറിച്ച് പകരം വയ്ക്കാന്‍ ആരുമില്ല എന്നൊക്കെയുള്ള പറച്ചിലുകള്‍ ഉണ്ടാവാറുണ്ട്. എന്‍.എന്‍ പിള്ളയുടെ കാര്യത്തില്‍ ഈ വാക്പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ സത്യമായ വാക്പ്രയോഗമാക്കി മാറുന്നു.