ജീവിതം എന്ന വിഷമവൃത്തത്തിൽ നാടകത്തിന്റെ വിശാല ലോകം – ജയൻ ശിവപുരം
രംഗകലയുടെ കൂട്ടത്തിലെ മഹാത്ഭുതമാണ് നാടകം. രണ്ടായിരത്തഞ്ഞൂറോളം വർഷം മുൻപ് ഗ്രീസിൽ പിറവികൊണ്ടതെന്ന് ചരിത്രകാരന്മാർ കരുതുന്ന നാടകങ്ങൾ ഇന്നും ലോകത്തിന്റെ പല ഭാഗ ങ്ങളിലായി അരങ്ങേറുന്നുണ്ട്. കാണികൾ അത് ആസ്വദിക്കുകയും ചെയ്യുന്നു. പുരാതന ഗ്രീസിലാണ് നാടകത്തിന്റെ ജനനം. ക്രിസ്തുവിന് ഏതാണ്ട് അഞ്ഞൂറ് വർഷം മുൻപ് പ്രാചീന യവനസാമ്രാജത്തിൽ നാടകത്തിന്റ ആദിരൂപമുണ്ടായി. വിളവെടുപ്പുത്സവസമയത്ത് ഗ്രീക്കുകാർ പ്രകൃതി ദേവതയായ ഡയനീഷ്യസിനെ പ്രീതിപ്പെടുത്താൻ ബലിപീഠത്തിനു ചുറ്റും ആടിപ്പാടി നൃത്തം ചെയ്യുമായിരുന്നു. ഈ നൃത്തസംഗീതോത്സവത്തിനിടെ ചിലർ ചോദ്യം ചോദിക്കുകയും മറ്റുള്ള ചിലർ അതിനു രസകരമായ മറുപടികൾ വിളിച്ചു പറയുകയും ചെയ്യും. ഈ സംഭാഷണങ്ങളാണ് പിന്നീട് യവനനാടകങ്ങളായി വികാസം പ്രാപിച്ചതെന്ന് അരിസ്റ്റോട്ടിൽ വിലയിരുത്തുന്നു. ഗ്രീസിലെ പാട്ടുത്സവത്തോടൊപ്പമുണ്ടായിരുന്ന ചോദ്യം ചോദിക്കൽ പരിപാടിയെപ്പറ്റി ചരിത്രരേഖകളുണ്ട്. വിളവെടുപ്പുത്സവ കാലത്ത് ചോദ്യോത്തര പരിപാടി അവതരിപ്പിച്ചിരുന്ന തെസ്പീസ് ലോകത്തെ ആദ്യ അഭിനേതാവായും അറിയപ്പെടുന്നു.
നാടകത്തിന്റെ ജനനത്തെക്കുറിച്ചുള്ള ഇത്തരം ചരിത്രരേഖകൾ പഠിക്കുകയും അവ ലളിത മായി മലയാളികൾക്കു പരിചയപ്പെടുത്തുന്ന ഒന്നിലധികം പുസ്തകങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട് എൻ.എൻ.പിള്ള. അദ്ദേഹം പണിത വീടിന് ഗ്രീക്ക് ദേവതയായ ഡയനേഷ്വയുടെ പേരിടുകയും ചെയ്തു. എന്നാൽ നാടകത്തിന്റെ പിറവിയെപ്പറ്റി, തന്റേതായ രീതിയിൽ ഒരു പ്രാക്തനനാടകമാതൃക എന്ന പ്രബന്ധത്തിൽ പിള്ള വിവരിക്കുന്നത് തികച്ചും ക്രിയാത്മകമായ മറ്റൊരു തരത്തിലാണ്.
ഒരു മലഞ്ചെരിവിലെ വനാന്തരങ്ങളിൽ നിന്ന്, അന്നു വേട്ടയാടിക്കിട്ടിയ കാട്ടുപോത്തിന്റെ ഇറച്ചി മുഴുവൻ വെട്ടിപ്പങ്കിട്ട്, ആഴിക്കു ചുറ്റും കൂടിയിരുന്ന് മുഴുവൻ ഭക്ഷിച്ചു കഴിഞ്ഞപ്പോൾ ഇത്ര വലിയ ജന്തുവിനെ കൂട്ടത്തിലെ കറുമ്പനും വെളുമ്പനും കൂടി എങ്ങനെ പിടിച്ചു എന്നറിയാൻ എല്ലാവർക്കും ജിജ്ഞാസ. കറുമ്പൻ കാട്ടുപോത്തായും വെളുമ്പൻ വേട്ടക്കാരനായും ഈ രംഗം അഭിന യിച്ചു കാണിക്കുന്നു. നാടകം വികാരത്തിന്റെ കലയാണ്, നാടകം അനുകരണത്തിന്റെ കലയാണ്, നാടകം ഭാവനയുടെ കലയാണ് എന്നിങ്ങനെ നാടക വേദിയുമായി ബന്ധപ്പെട്ട വളരെ പ്രധാനമായ മൂന്ന് കാര്യങ്ങൾ ബോധ്യപ്പെടുത്തുവാൻ വേണ്ടിയാണ് എൻ എൻ പിള്ള ഈ കഥ വിശദമായിത്തന്നെ പ്രതിപാദിക്കുന്നത്.
നാടക രചനയിൽ പ്രദർശിപ്പിച്ച മൗലികതയും സർഗാത്മകതയും അദ്ദേഹത്തിന്റെ നാടകപഠനത്തിലും ഉടനീളമുണ്ട്. ലോകപ്രശസ്തരായ നാടകകൃത്തുക്കളും നിരൂപകരും എഴുതിയത് വ്യാഖ്യാനിക്കുകയാണ് അവ തന്റേതായ ശരികളുടെ അടിസ്ഥാനത്തിൽ വ്യാഖ്വാനിക്കുകയാണ് പിള്ള. ലോക നാടക വേദി എത്തി നില്ക്കുന്നതെവിടെയെന്നറിയാതെ കിണറ്റിലിരുന്ന് തവളകളെപ്പോലെ അലറിക്കരയുകയും പടഞ്ഞാറൻ നാടക ലോകത്തിന്റെ ഇത്തിരിക്കഷണം നുണഞ്ഞശേഷം അതിന്റെ പകർപ്പെ ടുത്ത് ഞെളിയുകയും ചെയ്യുന്ന രണ്ടു വിഭാഗം നാടകക്കാരും എൻ എൻ പിള്ളയുടെ ഒരു നാടകത്തിലൂടെയെങ്കിലും കടന്നു പോകണം. കുറഞ്ഞത് ഒരു നാടക പഠനമെങ്കിലും വായിക്കണം. കേരള ത്തിൽ രാജ്യാന്തര നാടകോത്സവം തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും മലയാളം കണ്ട ഏറ്റവും വലിയ നാടക പ്രതിഭയായ എൻ എൻ പിള്ളയുടെ പേർ ഈ വേദിയിൽ ഇതുവരെ പരാമർശിക്കപ്പെട്ടിട്ടില്ല. തെറിയെഴുതി കൈയടി വാങ്ങിയ ആൾ എന്ന കേട്ടറിവുവെച്ച് ചിലർ അദ്ദേഹത്തെ അവഗണിക്കുന്നു.
ജീവിതാനുഭവും വായനാനുഭവവും ഒരുപോലെ സ്വാംശീകരിക്കുക. അനന്യമായ സർഗവൈഭവത്തോടെ അതു പ്രകാശിപ്പിക്കുകയും ചെയ്തവരാണ് പ്രതിഭകൾ. പലഘട്ടങ്ങളിലായി പരണമിച്ചു വികാസം പ്രാപിച്ച സാമൂഹിക സംവിധാനങ്ങളും മനുഷ്യരിൽ അതുണ്ടാക്കിയ സ്വാധീനവും എക്കാലത്തും കലാലോകത്തു വ്യാപരിക്കുന്നവരുടെ ഇഷ്ടവിഷയമാണ്. മനുഷ്യരുടെ സർഗാത്മകതയും സ്വാതന്ത്യവും എങ്ങനെ കള്ളികളിൽ ഒതുക്കാമെന്നും എങ്ങനെ മർദ്ദിച്ചൊതുക്കാമെന്നുമാണ് നാളിതുവരെയുള്ള ഭരണസംവിധാനങ്ങളെല്ലാം അന്വേഷിച്ചത്. അധികാരം കൈയ്യാളുന്നവരും വ്യവസ്ഥിതിയുടെ നടത്തിപ്പു കാര്യം തങ്ങളുടേതു മാത്രമായ ജീവിത സൗഖ്യത്തിനുവേണ്ടി ബഹുഭൂരിപക്ഷം വരുന്നവരുടെ അവകാശത്തെയും ആഹ്ളാദത്തെയും അടിച്ചമർത്തിയതിന്റെ തുടർക്കഥയാണ് ലോക ചരിത്രം എന്നു ബോധ്യമുള്ള കലാപ്രവർത്തകർക്കു മാത്രമേ പൊള്ളുന്ന ചോദ്യങ്ങൾ ഉന്നയിക്കാനും അർത്ഥവത്തായ രചനകൾ നടത്താനും സാധിക്കു. ഈ ബോധ്യത്തോടെ ഏറ്റവും വിപ്ലവാത്മകമായി നാടകരചനയും സാക്ഷാത്കാരവും നിർവ്വഹിച്ചു എന്നതാണ് എൻ എൻ പിള്ളയുടെ പ്രസക്തി. അതേ സമയം അദ്ദേഹം ഏതെങ്കിലും സംഘടനയിലോ പ്രത്യയശാസ്ത്രശാഠ്യങ്ങളിലോ സ്വയം തളച്ചിട്ടതുമില്ല.
വികാരവും വിചാരവും വിശപ്പുമുള്ള സാധാരണ മനുഷ്യരുടെ പക്ഷത്തു നിന്നുകൊണ്ട് ഉന്നയിച്ച് ചോദ്യങ്ങളുടെ പരമ്പരയാണ് പിള്ളയുടെ നാടകങ്ങൾ. ഓരോ നാടകത്തിലെയും വാക്കും നോക്കും യാഥാസ്ഥിതിക സങ്കല്പങ്ങളെ പിടിച്ചുകുലുക്കുമെന്നതിൽ തർക്കമില്ല. ജീർണ്ണവ്യവസ്ഥിതി യുടെ ഉച്ഛിഷ്ടം നുണഞ്ഞ് അലസരായിരിക്കുന്നവരുടെ ഉപരിപ്ലവമായ കലാപ്രകടനങ്ങൾക്കു ജനപ്രിയത ലഭിക്കുന്ന ഇക്കാലത്ത് ഈ നാടകങ്ങളുടെ പ്രസക്തി കൂടി വരുകയാണ്. കപട ദൈവങ്ങളെ സംരക്ഷിക്കുവാൻ പാവം മനുഷ്യരെ കുരുതി കൊടുക്കുന്ന കാലത്ത് ഈശ്വരൻ അറസ്റ്റിൽ എന്ന നാടകം കൂടുതൽ മൂർച്ചയുള്ള ചാട്ടുളിയായി മാറുന്നു. സമൂഹം കൂടുതൽ മനുഷ്യ വിരുദ്ധമായിക്കൊണ്ടിരിക്കുമ്പോൾ എൻ എൻ പിള്ളയുടെ നാടകങ്ങളിലെ മാനുഷികതയ്ക്കും സ്നേഹത്തിനും സത്യസന്ധതയ്ക്കും തിളക്കമേറുന്നു. അദ്ദേഹം രചന നടത്തിയ കാലത്തു നിന്ന് എത്ര പിറ കോട്ടാണ് സമൂഹം സഞ്ചരിച്ചതെന്നു വായിച്ചു വിസ്മയിക്കാം. ഉത്തമ കലാസൃഷ്ടികൾ തിരിച്ചറിയപ്പെടാതെ പോവുകയും സ്വാർഥമോഹങ്ങളുടെ കേവലാഹ്ളാദങ്ങൾ കൊണ്ടാടപ്പെടുകയും ചെയ്തപ്പോൾ നമുക്ക് നഷ്ടമായതെന്തൊക്കെയെന്ന് പുനരാലോചിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു ഓരോ രചനയും.
രോഗിയായി കട്ടിലിൽ തളർന്നു കിടക്കുന്ന ഭർത്താവ് ശേഖരപ്പണിക്കരെ ഭ്രാന്തിയായ പട്ടാളം ഭവാനി രാവിലെ വിളിച്ചെഴുന്നേല്പിക്കാൻ ശ്രമിക്കുന്നതാണ് ക്രോസ് ബെൽറ്റ് നാടകത്തിലെ രണ്ടാം ഭാഗത്തിന്റെ തുടക്കം. പലകുറി വിളിച്ചിട്ടും എണീയ്ക്കുവാൻ സാധിക്കുന്നില്ല പണിക്കർക്ക് അറ്റകൈ പ്രയോഗിക്കും എന്ന് പറയുന്നു ഭവാനി. ചത്തുകിടക്കുന്നവനെപ്പോലും എഴുന്നേല്‍പ്പിക്കാനുള്ള വിദ്വ കൈയിലുണ്ടെന്നാണ് അവരുടെ വാദം. ആ വിദ്യയെന്തെന്നറിയാൻ പ്രേക്ഷകർ ആകാംക്ഷയോടെ കണ്ണുതുറിച്ചിരിക്കുമ്പോൾ ഭവാനി ഉച്ചത്തിൽ ജനഗണമന പാടുന്നു. ഉടലിന്റെ മധ്വഭാഗം പൊക്കി തല കുത്തി വളഞ്ഞു നിന്നാണ് ദേശീയഗാനം പാടൽ. പണിക്കർ തലപൊക്കി നോക്കുന്നതല്ലാതെ എണീ ല്ക്കുന്നില്ല. ‘ജനഗണമന പാടുമ്പോൾ എഴുന്നേറ്റു നില്ക്കാത്തവർ രാജ്വദ്രോഹിയാ, മനസ്സിലായോ… അതുകൊണ്ട് മര്യാദയ്ക്ക് എഴുന്നേറ്റ് ഭക്ത്യാദരപുരസ്സരം നിന്നോളണം എന്ന് ഭ്രാന്തിയായ ഭവാനി ഓർമ്മിപ്പിക്കുന്നുണ്ട്. രണ്ടുപേരും പപ്പാതി രാജ്യദ്രോഹികളാണെന്നാണ് ഭവാനിയുടെ കണ്ടെത്തൽ. കാരണം അവരുടെ നടുപൊങ്ങി, പക്ഷേ തല പൊങ്ങിയില്ല. ഭർത്താവിന്റെ തല പൊങ്ങി, ബാക്കി ഭാഗം പൊങ്ങിയില്ല. ഇങ്ങനെ പോകുന്നു ഭവാനിയുടെ വാക്കുകൾ. വിശപ്പിനേക്കാളും ദൈന്യതയേക്കാളും വലുതാണോ ദേശഭക്തി. മനുഷ്യരേക്കാൾ വലുതാണോ രാഷ്ട്രം. ആർക്കു വേണ്ടിയാണ് രാജ്യം. മനുഷ്യ സ്നേഹിയല്ലാത്തവരാണോ വലിയ രാജ്യസ്നേഹികൾ, ഇത്തരം അനേകം പ്രസക്തമായ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട് ഭ്രാന്തിയായ ഭവാനിയുടെ ജല്പനങ്ങൾ.
ദേശീയതയിലും ദേശീയഗാനത്തിലുള്ള ഊന്നൽ കൂടി വരുകയും മാറിയ കാലത്തെ ഒതുക്കി ഭരണത്തിന്റെ ഉപാധികളായി ഇവയൊക്കെമാറിത്തീരുകയും ചെയ്യുമെന്ന് 1966- ൽ തന്നെ മനസ്സിലാ ക്കിയിരിക്കണം എൻ എൻ പിള്ള സ്വാതന്ത്യ്രബോധം കൊണ്ട് ഐ.എൻ.എ ഭടനായ അദ്ദേഹം സ്വാതന്ത്വാനന്തരം ആരെയും കൂസാത്ത രാഷ്ട്രീയ നിലപാടുകളുടെ ഉടമയുമായി. സ്നേഹത്തിന്റേയും മനുഷ്വത്വത്തിന്റെയും രാഷ്ട്രീയം മാത്രമേ എൻ എൻ പിള്ള പറയുന്നുള്ളൂ. ഇതു മനസ്സിലാവണമെങ്കിൽ മനസ്സുകൊണ്ടെങ്കിലും നിസ്വരും നിരാലംബരുമായവരുടെ പക്ഷത്തുനിന്നു വായിക്കണമെന്നു മാത്രം.
ജനപ്രിയ വാരികയിലെ ‘ഡോക്ടറോട് ചോദിക്കാം’ എന്ന പംക്തിയിലേക്ക് തനിക്കുവേണ്ടി കത്തെഴുതുവാൻ മകനോട് ആവശ്യപ്പെടുന്ന അമ്മയുണ്ട് കണക്ക് ചെമ്പകരാമൻ എന്ന നാടകത്തിൽ ആർത്തവം നിന്നിട്ട് ആറു കൊല്ലമേ ആയുള്ളൂ എന്ന് കത്തിൽ സൂചിപ്പിക്കുവാൻ അമ്മ മകനോട് പറ യുന്നു. ഈ നാടകം അവതരിപ്പിച്ചത് അഞ്ചു പതിറ്റാണ്ട് മുൻപാണ് മലയാളികൾ ഇപ്പോഴും ആർത്തവം എന്നു കേൾക്കുമ്പോൾ ആർത്തു കരയുകയോ ചിലരുടെ അഭിമാനബോധം ആർത്തിരമ്പുകയോ ചെയ്യുന്നു. മനുഷ്യൻ ഭക്ഷിക്കുക മാത്രമല്ല മലവിസർജ്ജനം കൂടി ചെയ്യുന്നുണ്ട് എന്ന് അംഗീകരിക്കാൻ കൂട്ടാക്കാത്ത സദാചാരവാദികളാണ് ഇപ്പോൾ നാട് ഭരിക്കുന്നത്. കൂടം എന്നാൽ ചുറ്റികയാണെന്ന് അർഥം വിശദമാക്കുന്ന് മകനോട് ഭരണകൂടം എന്നാൽ തലയടിച്ചു പരത്താനുള്ള ചുറ്റികയാണോ എന്ന് അമ്മ സംശയം ചോദിക്കുന്നുണ്ട്. ജീവിതത്തേക്കാൾ വലുതല്ല പാതിവ്രത്വമെന്നും അതു സംരക്ഷിച്ചു ജീവൻ കളയേണ്ടവരല്ല സ്ത്രീകളെന്നും മൃണാളിനിയിലൂടെ ഉദ്ഘോഷിക്കുകയും ചെയ്യുന്നു ഈ നാടകം. വേലുത്തമ്പി ദവളയുടെ പ്രതിമയ്ക്കു സമീപം എത്തുന്ന കഥാപാത്രങ്ങളിലേക്ക് ദവളയുടെ പ്രതിമ ജീവൻ വെച്ചു കൈ നീട്ടുന്ന വേളയിൽ നാടകം റിയലിസത്തിൽ നിന്ന് മറ്റൊരു തലത്തിലേക്കു കടക്കുന്നു ജീവിതത്തിൽ നാം മറച്ചുപിടിക്കാനാഗ്രഹിക്കുന്നവയെ പുറത്തുകൊണ്ടുവ രാൻ മാത്രമല്ല അസാധ്യമെന്നു കരുതുന്ന സ്വപ്നങ്ങളെ സാക്ഷാത്കരിക്കാനുള്ള ശ്രമവും ഈ രചനയിലുണ്ട് നിരാംലംബരായ മനുഷ്യർക്കു തുണയായി ചരിത്രത്തിൽ നിന്നു വേലുത്തമ്പി ദവള അരങ്ങിൽ പുനർജ്ജനിക്കുകയാണ്. ഇത്തരം ശരികളുടെ പുനർജ്ജന്മങ്ങളാണല്ലോ ലക്ഷ്യവേധിയായ കലാസൃഷ്ടിയുടെ മർമ്മം.
ഈശ്വരൻ അറസ്റ്റിൽ പോലൊരു നാടകം ലോകനാടക ചരിത്രത്തിൽത്തന്നെ അപൂർവ്വമായിരിക്കും. ദുർബലനായ ദൈവത്തിന്റെ നിലനില്പിനു കരുത്തനായ പിശാച് വേണമെന്ന ലളിതയുക്തി മനസ്സിലാവാതെ വിശ്വാസത്തിന്റെ പേരിൽ സ്വയം ബലിയാടുകളാവുന്ന മനുഷ്യർ ഏറിവരികയും അവർ ലോകനാശത്തിനു തന്നെ കാരണക്കാരായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന കാലത്ത് വിരലിലെ ണ്ണാവുന്നവർക്കെങ്കിലും വകതിരിവുണ്ടാക്കാൻ പ്രാപ്തമായ വേറെ ഏതു കലാസൃഷ്ടിയുണ്ട് മലയാളത്തിൽ ഏദൻതോട്ടം മുതൽ മനുഷ്യർക്കൊപ്പം വളരുന്നത് ദൈവമല്ല, പിശാചാണ്. ദൈവവും പിശാചും തമ്മിൽ മത്സരിച്ച തിരഞ്ഞെടുപ്പിന്റെ ചരിത്രമാണ് ലോക ചരിത്രം. ഓരോ തിരഞ്ഞെടുപ്പിലും ദൈവം തോല്‍ക്കുകയും ചെകുത്താൻ ജയിക്കുകയും ചെയ്തു. ഇങ്ങനെ ലോകചരിത്രത്തിൽ പ്രധാന മന്ത്രിയായി അഞ്ച് തിരഞ്ഞെടുപ്പുകളാണ് കഴിഞ്ഞത്. ആദ്യം ഏദൻ തോട്ടത്തിൽ നടന്ന ഇലക്ഷനിൽ രണ്ടുപേരാണ് പങ്കെടുത്തത് ആദവും ഹവ്വയും അതിൽ ഏകപക്ഷീയമായിരുന്നു തന്റെ വിയജമെന്ന് പിശാച് പറയുന്നു. പിന്നെ ഇന്ത്യയിൽ നടന്ന ശാന്തമായ ബുദ്ധിസ്റ്റ് ഇലക്ഷൻ ചൈനയിലെ കൺഫ്യൂഷൻ ഇലക്ഷൻ അതു പൂർണ്ണമായും കൺഫ്യൂഷനായിരുന്നു. നാലാമത്തെ ഗലീലിയൻ ഇലക്ഷനിൽ കൂട്ടക്കൊല നടന്നു. ദൈവം സ്വന്തം മകനെ ഇലക്ഷൻ ഓഫീസറായി നിയമിച്ചു. ആ പാവത്തെ മരക്കുരിശിൽ മലർത്തി തറയ്ക്കുകയാണുണ്ടായത്. തുടർന്നു നടന്ന അറേബ്യൻ ഇലക്ഷനും ഒട്ടും മോശമായിരുന്നില്ല. അന്ന് ഇലക്ഷൻ ഏജന്റ് ബാലറ്റ് പെട്ടിയും കൊണ്ട് മെക്ക മുതൽ മദീന വരെ ഓടി. ഇതിനിട യിൽ സൈബീരിയ മുതൽ പാറ്റഗോണിയ വരെ അനേകം ഉപതിരഞ്ഞെടുപ്പുകൾ ഇതിലൊക്കെയും തനിക്ക് പൂർണ്ണ വിജയമായിരുന്നുവെന്ന് പിശാച് അവകാശപ്പെടുന്നു. പിശാചിന്റെ അതേ രൂപത്തിലും വേഷത്തിലുമാണ് ഈശ്വരൻ നാടകത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഹലോ ബ്രദർ എന്ന് പറഞ്ഞ് ആലിംഗനം ചെയ്യാനായുന്ന പിശാചിനെ അവഗണിക്കുന്ന ഈശ്വരനു പെരുമാറാനറിയില്ലെന്നും പിശാച് ചൂണ്ടിക്കാണിക്കുന്നു. ശരിയല്ലേ, ആകർഷകരമായി പെരുമാറുന്ന പിശാചുകൾക്കു നടുവിലല്ലേ ഇന്നു മനുഷ്യ ജീവിതം. തനിക്കു സ്ഥിരാഭിപ്രായങ്ങളുണ്ടെന്നു പറയുന്ന ഈശ്വരനോട് അതു വളർച്ച നിലച്ചതിന്റെ ലക്ഷണമാണെന്നാണ് പിശാച് ചൂണ്ടിക്കാണിക്കുന്നത്. ഈ നാടകത്തിന്റെ പ്രധാന കഥാപാത്രവും ചിന്തിക്കുന്ന മനുഷ്യരുടെ പ്രതിനിധിയുമായ ആൽബർട്ട് ഐൻസ്റ്റിനു മുന്നിൽ വിഡ്ഢിയെ പോലെ പകച്ചു നിൽക്കുകയാണ് ഈശ്വരൻ ഐൻസ്റ്റീൻ മരിച്ചുവല്ലോ എന്ന് അഹങ്കരിക്കുന്ന ദൈവത്തോട് ശാസ്ത്രത്തിനും യുക്തി ചിന്തയ്ക്കും മരണമില്ലെന്നും അത്തരം ബുദ്ധിയുള്ള മനുഷ്യരിലൂടെ ഞാൻ എക്കാലവും ജീവിച്ചിരിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ മറുപടി.
ജീവിതകാലം മുഴുവൻ ഉപദേശിയായിരുന്ന മണ്ടൻ ചാക്കോ പരലോകത്തെത്തിയപ്പോൾ സ്വർഗ്ഗവാതിൽ ഏതെന്നറിയാതെ അങ്കലാപ്പിൽ അങ്ങോട്ടുമിങ്ങോടും ചാടിക്കളിക്കുന്നു. മുസ്ലിങ്ങൾ കയറേണ്ട വാതിലിന് എതിരെയാണ് ക്രിസ്ത്യാനികളുടെ സ്വർഗവാതിൽ എന്നാണ് ഇയാളുടെ വാദം. പരലോകത്തെത്തുന്ന ഹിന്ദുഭക്തനും ഉമ്മയും ഉപദേശി ചാക്കോയും ഈശ്വരനെ തിരിച്ചറിയുന്നതേയില്ല. ദൈവം എന്ന ആശയത്തെ മാത്രമാണ് മനുഷ്യർക്കു പരിചയം എന്ന് ഐൻസ്റ്റീൻ വിശദമാക്കുന്നുണ്ട്. മനുഷ്യർ കഠിനപ്രയത്നംകൊണ്ടും ധിഷണകൊണ്ടും നേടിയ നേട്ടങ്ങളുടെ ഉടമ ദൈവമാണെന്ന് സമ്മതിച്ചുകൊടുക്കാൻ നാടകകൃത്തു തയ്യാറല്ല. അതു നിനക്കു വിട്ടുതരില്ലെന്ന് വയലാർ രാമവർമ്മ കവിതയിലൂടെ ഈശ്വരനോട് മുൻപേ പറഞ്ഞിട്ടുണ്ട്. നാളെ ഭാഗീധരന്റെ പിൻഗാമികൾ ഈ സുരഗോള ലക്ഷങ്ങളെ അമ്മാനമാടിടും എന്നാണ് വയലാർ എഴുതിയത്. ഇതേ പ്രഖ്യപനം തന്നെയാണ് എൻ. എൻ പിള്ളയുടെ നാടകത്തിലൂടെ നടത്തുന്നത്. പ്രേമം തോന്നുന്നതും അതു പ്രകടിപ്പിക്കുന്നതും തെറ്റല്ലാത്ത മറ്റൊരു ഗോളത്തിലേക്ക് പ്രയാണം നടത്തുകയാണ് നാടകത്തിലെ കഥാപാത്രങ്ങൾ. ഇങ്ങനെയൊരു ഗോളാന്തരസഞ്ചാരവും എഴുന്നൂറു വർഷംവരെ ജീവിക്കുന്ന ഉഭയജീവികളും ലോകവും സാങ്കേതികതയുടെ കലയായിട്ടും ഇന്ത്യൻ സിനിമയിൽ പോലും ഇതുവരെയുണ്ടായിട്ടില്ല. അമ്പരിപ്പിക്കാൻ വേണ്ടി മാത്രം അന്യഗ്രഹജീവികളെയും അവരുടെ ലോകത്തേയും ചലച്ചിത്രങ്ങളിൽ ആവിഷ്കരിക്കാൻ ശ്രമിച്ച ഹോളിവുഡ് സിനിമകളൊന്നും പറയാത്ത ജീവിത സത്യങ്ങളാണ് ഈശ്വരൻ അറസ്റ്റിൽ എന്ന നാടകത്തിൽ അനാവൃതമാകുന്നത് എത്ര കാലം ജീവിച്ചു എന്നതല്ല. ജീവിതത്തിന്റെ പൂർണതയും തൃപ്തിയുമാണ് പ്രധാനം എന്ന് ഈ ഇതരഗോളജീവികൾ പറയുന്നു. ലൈഗിംകാവേശം ആരംഭിക്കുന്നതുമുതൽ പരമാനന്ദം അനുഭവിക്കുവാൻ തുടങ്ങുകയാണെന്ന വാദം പാപബോധവും അടിച്ചമർത്തപ്പെട്ട് ലൈംഗികതയുമായി ജീവിക്കുന്ന ഇഹലോകവാസികൾക്ക് മനസ്സിലാവുകയില്ല. ആരും ആരെയും ഭരിക്കാത്ത ലോകം. യുദ്ധവും ശത്രുതയുമില്ലാത്ത ലോകം. ഭൂമിയിലെ സകല പ്രേശ്നങ്ങൾക്കും കാരണക്കാരായ ഈശ്വരനെയും പിശാചിനെയും മ്യൂസിയത്തിലേക്ക് അയയ്ക്കുന്ന മറ്റൊരു ഗോളം. ഇതൊക്കെ ആവിഷ്കരിക്കപ്പെടുന്ന അത്ഭുതനാടകം മറ്റേതു ഭാഷയിൽ ഉണ്ടായിട്ടുണ്ട്.
പ്രേതലോകം, ക്രോസ്ബെൽറ്റ്, ഈശ്വരൻ അറസ്റ്റിൽ, വിഷമവൃത്തം, കപാലിക എന്നിവയാണ് എൻ എൻ പിള്ളയുടെ പ്രിയ നാടകങ്ങൾ. ഇതിൽ വിഷമവൃത്തം ആണ് തന്റെ ഇഷ്ടനാടകമെന്ന് ഒരിക്കൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്. ജീവിതമെന്ന വിഷമവൃത്തമാണല്ലോ കലാസൃഷ്ടികളുടെയെല്ലാം മൂശ. നാടകം ആരംഭിക്കുന്നതിനു മുൻപുള്ള എൻ.എൻ. പിള്ളയുടെ ആമുഖസംഭാഷണങ്ങൾ പ്രസിദ്ധമാണ്. ഇവയിൽ ഏറ്റവും ശ്രദ്ധേയമാണ് വിഷമവൃത്തം തുടങ്ങുന്നതിനു മുൻപുള്ള വാക്യങ്ങൾ.
‘ഇതുകണ്ടോ, ഈ നാടകത്തിൽ നായകനില്ല വില്ലൻ മാത്രം ഒൻപതര വില്ലന്മാർ. ഇതിലെ നായകൻ വായനക്കാരും പ്രക്ഷകനുമാണ്. ഇതിലെ കഥാപാത്രങ്ങളെല്ലാം അയാളുടെ അയൽപക്കത്തുകാരും എന്തു സുഖം അതാണ് ചീത്ത നാടകത്തിന്റെ ഗുണം’.
ആമുഖമായി പിള്ള പറഞ്ഞത് സത്യമാണെന്ന് നാടകം അവസാനിക്കുമ്പോൾ പ്രേക്ഷകർക്കു ബോധ്യപ്പെടും. കുടുംബത്തിനകത്തുപോലും പരസ്പരം വിശ്വാസവും സ്നേഹവും നിലനില്‍ക്കുന്നില്ലെന്ന യാഥാർഥ്യം ക്രൂരമായി വരച്ചിടുകയാണ് വിഷമവൃത്തം. പണത്തോടുള്ള ആർത്തിയും സ്വാർഥ മോഹങ്ങളും മാത്രമാണ് ഇതിലെ ഓരോ കഥാപാത്രത്തെയും നയിക്കുന്നത്. ആദ്യ ഭർത്താവിനെ ചവിട്ടിക്കൊന്ന രഹസ്യക്കാരനെ രണ്ടാം ഭർത്താവാക്കിയ അമ്മ. കള്ളസാക്ഷി പറഞ്ഞ് കൊലപാതകിയെ രക്ഷിച്ചയാളെ രണ്ടാം ഭർത്താവിന്റെ മരണശേഷം, അതും വാർദ്ധ്യകത്തിൽ, വീണ്ടും കല്യാണം കഴിക്കാൻ തയ്യാറെടുക്കുന്ന രംഗം പ്രേക്ഷകരെ അമ്പരിപ്പിക്കുകയില്ല. സമൂഹത്തിൽ ഇതിലപ്പുറവും എല്ലാവരും കാണുന്നുണ്ട്. ഈ അമ്മയും പ്രേക്ഷകരുടെ അയൽക്കാരി തന്നെ. ആദ്യഭർത്താവിന്റെ മകനെ ആവോളം ദ്രോഹിച്ചു വീട്ടിൽ നിന്നും പുറത്തു ചാടിച്ചതും ഈ അമ്മയാണ്. വർഷങ്ങൾക്കു ശേഷം അവൻ വരുന്നെന്നറിഞ്ഞപ്പോൾ, കോടീശ്വരനായിട്ടാണ് തിരുച്ചുവരവെന്നു കേട്ടപ്പോൾ, വഴിഞ്ഞൊഴുകുന്ന കപടസ്നേഹം. രണ്ടാം ഭർത്താവിലുണ്ടായ പെൺമക്കളുടെ ഉത്സാഹം. അവരുടെ ഭർത്താക്കൻമാരുടെ ആക്രാന്തം, മാതൃവാത്സല്യം, പുത്രസ്നേഹം, അമ്മയോടുള്ള കരുണ തുടങ്ങിയ ആദർശ വത്കരിക്കപ്പെട്ട വികാരങ്ങളല്ല ഈ നാടകത്തിൽ നിറഞ്ഞു നില്‍ക്കുന്നത് ഉദാത്തവികാരങ്ങളുടെ നിരാസത്തിലൂടെ കാണികളെപ്പോലും ഒരുതരം കുറ്റബോധത്തിലേക്കും തുടർന്ന് ആത്മപരിശോധനയിലേക്കും നയിക്കുന്നു ഈ നാടകാവിഷ്കാരം. ഒപ്പം ജീവിതസാഹചര്യങ്ങളും ദാരിദ്രവുമാണ് മനുഷ്യരെ മറ്റു പലതുമാക്കി മാറ്റിത്തീർക്കുന്നതെന്നും ഇതിലൂടെ വെളിപ്പെടുന്നു. ദീർഘകാലത്തെ വിദേശവാസത്തിനുശേഷം തിരികെയെത്തുന്ന മകൻ സ്വന്തം അമ്മയെയും കുടുംബാംഗങ്ങളെയും ഒരു പരീക്ഷണ കുഴലിലൂടെ കടത്തിവിടുകയും അവരിലുണ്ടാകുന്ന രാസമാറ്റങ്ങൾ വെളിവാക്കിയ ശേഷം, അത് അവരെക്കൂടി ബോധ്യപ്പെടുത്തിയ ശേഷം, തിരികെ പോവുകയും ചെയ്യുന്നു. ഇങ്ങനെ ഓരോരുത്തരുടെയും ഉള്ളു കാട്ടിത്തരുന്ന കണ്ണാടിയായി മാറുന്നു വിഷമവൃത്തത്തിന്റെ രംഗാനുഭവം.
ലോകനാടകവേദിയിലെ തന്നെ ഏറ്റവും നിർദയമായ അവതരണം ഞാൻ സ്വർഗത്തിൽ എന്ന നാടകത്തിന്റെതായിരിക്കും. ഇതിന്റെ അവതരണത്തിനാവശ്യമായ നിർമമത്വവും നിസ്സംഗതയും വളർത്തിയെടുക്കാൻ കഴിഞ്ഞതാണ് തന്റെ ഭാഗ്യമെന്ന് എൻ എൻ പിള്ള ആമുഖമായി പറയുന്നുണ്ട്. ഈ നിർഭയം തന്നിൽ സൃഷ്ടിച്ചു വികസിപ്പിച്ച ജീവിതത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്യുന്നു. എൻ എൻ പിള്ളയും കുടുംബാംഗങ്ങളും നാടകസമിതിയംഗങ്ങളുമാണ്. ഇതിലെ കഥാപാത്രങ്ങൾ, അവരിൽ പലരും ജീവിതത്തിലെ വേഷം തന്നെ നാടകത്തിലും അവതരിപ്പിക്കുന്നു. അതും മരിച്ചു കിടക്കുന്ന എൻ എൻ പിള്ളയുടെ ദേഹത്തിനു മുന്നിൽ. നാടകൃത്തും സംവിധായകനുമായ പിള്ളയെ മാത്രമല്ല, ഈ നാടകാവതരണത്തിനു സന്നദ്ധരായ ഓരോരുത്തരെയും എത്ര അഭിനന്ദിച്ചാലും അധികമാകില്ല. മലയാള ഭാഷയിൽ രചിക്കപ്പെട്ടു എന്നതുകൊണ്ടു മാത്രം ലോകശ്രദ്ധ നേടാതെ പോയ നാടകമാണ് ഞാൻ സ്വർഗത്തിൽ. ഇങ്ങനെയൊരു ആത്മവിചാരണ അതും തീവ്രമായ ഭാഷയിൽ, അതി വൈകാരികതയെ സത്യസന്ധമായ ആവിഷ്കാരം കൊണ്ടും മായ്ച്ചുകളയും വിധത്തിൽ വേറെ ഒരു നാടകത്തിലും ആരും കണ്ടിരിക്കാനിടയില്ല.
പരലോകത്തെത്തിയപ്പോൾ ന്യായാധിപൻ പിള്ളയോടു ചോദിക്കുന്ന ചോദ്യം താങ്കളുടെ ജീവിതലക്ഷ്യമെന്തായിരുന്നു എന്നാണ്. എനിക്കു സൗകര്യം കിട്ടുന്ന ഒരോ രാത്രിയും എന്റെ നാടകാവതരണത്തിലൂടെ ആയിരക്കണക്കായ സഹജീവികളെ സന്തോഷിപ്പിക്കുക എന്ന് അദ്ദേഹം മറുപടി പറയുന്നു. നാടകം കുടുംബത്തോടെ കളിക്കാവുന്ന അന്തസ്സുള്ള കലാരൂപമാണെന്ന് ലോകത്തിനു കാട്ടി ക്കൊടുത്ത ഒരാൾ ഇതല്ലാതെ മറ്റെന്തു മറുപടി പറയാൻ, ജീവിതപാതയിൽ പ്രപഞ്ചഭാവന അറിയാതെ എഴുതിപ്പോയ കവിത എന്നാണ് സ്വർഗത്തിൽ വെച്ചു കണ്ടുമുട്ടുന്ന കുഞ്ചൻ നമ്പ്യാർക്കുള്ള വിശേഷണം. കവിതയിലൂടെ താൻ ലോകത്തെ പരിഹസിച്ചു പരിഹസിച്ചു പവിത്രീകരിക്കുകയായിരുന്നുവെന്ന് നമ്പ്യാർ പറയുന്നു ഇതുതന്നെയാണല്ലോ നാടകത്തിലൂടെ പിള്ളയും ചെയ്തത്. വിരസമാണ് നാടകത്തിന്റെ സ്വർഗം. എപ്പോഴും കുടിക്കാൻ അമൃതു മാത്രം. ഒരേ ദ്രാവകം ആവർത്തിച്ചു പാനം ചെയ്താൽ മടുക്കും ചർദ്ദിക്കും. അപ്സരസുകളായ ഉർവശിക്കും രംഭയ്ക്കും തിലോത്തമയ്ക്കും ഒരേ രൂപം, ഭാവം, വികാരം, പല രൂപത്തിലും ഭാവത്തിലും മാനസികഘടനയിലും അനേകായിരം മനുഷ്യർ വസിക്കുന്ന ഭൂമിയാണല്ലോ യഥാർഥ സ്വർഗം എന്ന് ആരും ചിന്തിച്ച് പോകുന്നത് സ്വാഭാവികം. എവിടെയിരുന്നാലും നാടകമെഴുതണം അത് ഏതു നരകത്തെയും സ്വർഗമ്മക്കും എന്ന് പറഞ്ഞുകൊണ്ടാണ് കുഞ്ചൻ നമ്പ്യാർ പിള്ളയെ അനുഗ്രഹിക്കുന്നത്.
മലയാള നാടക വേദിയിലെ ഏറ്റവും മികച്ച സ്ത്രീ കഥാപാത്രങ്ങളിലൊന്നാണ് കാപാലിക എന്ന റോസമ്മ വ്യഭിചാരം നടത്തി കോടീശ്വരിയായി മാറിയ കാപാലിക ഒരേ സമയം ബൈബിളും ഖുർആനും മാർക്സിന്റെ മൂലധനവും വായിക്കുന്ന വേശ്യ. തന്റെ ലൈബ്രറിയിൽ മത്തായിയുടെ സുവിശേഷത്തിന്റെ പുറത്തുചാരിയാണ് മാർക്സിന്റെ മാനിഫെസ്റ്റോയുടെ കിടപ്പെന്ന് അവർ പുരോഹിതനോടു പറയുന്നു. വാരാപ്പുഴ പള്ളിയിലും വടക്കുന്നാഥക്ഷേത്രത്തിലും അടിക്കുന്ന മണിയിൽ ഗാന്ധിമണ്ഡപത്തിൽ, വിവേകാനന്ദപ്പാറയിൽ, എല്ലാ അവരുടെ പേരു കൊത്തിയിട്ടുണ്ട്. പ്രേമം പോലെ ഇത്ര അറയ്ക്കുന്ന ഒരാശയമില്ലെന്നും രതിപോലെ മഹത്തായ അനുഭൂതിയില്ലെന്നും കാപാലിക കണ്ടെത്തുന്നു. ഇതുകൊണ്ടാണ് താജ്മഹൽ പ്രേമകുടീരമാല്ലാത്തത്. അത് ഷാജഹാൻ ചക്ര വർത്തിയുടെ ദുരഭിമാനത്തിന്റെ ശവകുടീരമാണ്. മലയാളത്തിലെ കടുത്ത സ്ത്രീപക്ഷ രചനയായി കാപാലിക വായിക്കപ്പെട്ടിട്ടില്ല. ശങ്കരാചാര്യർ നിർത്തിയിടത്തുനിന്നും തുടങ്ങുകയാണ് താൻ എന്നു പറയുന്ന ഹിന്ദു സന്യാസിയോട് കുന്തിദേവിയും പാഞ്ചാലിയും നിർത്തിയിടത്തു നിന്നാണ് താൻ ആരംഭിച്ചതെന്ന് കാപാലിക മറുപടി പറയുന്നു. സ്ത്രീത്വം എന്നും വില്പനച്ചരക്കാണ്. അതിന്റെ വില നിശ്ചയിക്കുന്നത് പുരുഷനും. എന്നാൽ തന്റെ പാതിവ്രത്യത്തിന്റെ വില സ്വയം നിശ്ചയിക്കുകയും തന്നെ ചതിച്ച പുരുഷൻമാർക്ക് അതേ നാണയത്തിൽ തിരിച്ചടി നല്‍കുകയും ചെയ്യുന്ന കാപാലിക മലയാളനാടകമുള്ള കാലത്തോളം ജ്വലിച്ചുനില്ക്കുമെന്നതിൽ തർക്കമില്ല.
സ്ത്രീത്വത്തിന്റെ മൊത്തക്കച്ചവടത്തെ പാതിവ്രത്യമെന്നും ചില്ലറക്കച്ചവടത്തെ വ്യഭിചാരമെന്നുമാണു് കാപാലിക വിളിക്കുന്നത്. ഹോൾസെയിലിനേക്കാൾ ലാഭം അവളുടെ അഭിപ്രായത്തിൽ റീട്ടെയിലാണ്. കേരളത്തിൽ സ്ത്രീ വിമോചന വാദവും പെണ്ണെഴുത്തും ശക്തിപ്പെടുന്നതിനു മുൻപാണ് ഇതു പോലുള്ള നാടകങ്ങൾ എഴുതപ്പെട്ടത്. പുരോഗമന വാദികളും സ്ത്രീവിമോചന വാദികളും ലൈംഗിക തയെക്കുറിച്ചുള്ള മതാത്മകപാപബോധത്തെത്തന്നെ മറ്റൊരു വിധത്തിൽ പുനരാനയിക്കുകയാണ് ചെയ്തത്. കേരളത്തിന്റെ വിപ്ലവകാരികളിൽ പലരും സ്ത്രീപുരുഷബന്ധങ്ങളുടെ പവിത്രതയ്ക്കു വേണ്ടിക്കൂടി അറിയാതെ നിലകൊണ്ടു. സ്ത്രീകൾക്കുവേണ്ടി ശബ്ദിച്ച ചില സ്ത്രീ എഴുത്തുകാരികളും പെണ്ണിന്റെ പവിത്രത, മാനം തുടങ്ങിയ പരമ്പരാഗതമൂല്യങ്ങളെ പിൻപറ്റിയാണ് തങ്ങളുടെ സമരം നയിച്ചത്. എന്നാൽ ഇതിനും വളരെ മുൻപ് തന്നെ പാതിവ്രത്യം, പരിശുദ്ധി തുടങ്ങിയവ കൊണ്ടു നിർമ്മിച്ച കമ്പിയഴികൾക്കിടയിൽ തളച്ചിട്ട് സ്ത്രീത്വത്തെ ഞെരിച്ചമർത്തിയ മതാന്ധതയ്ക്കും വ്യവസ്ഥതിക്കുമെതിരെ ശരിയുടെ പക്ഷത്തു നിന്ന് എൻ. എൻ. പിള്ള സമരം ചെയ്തിരുന്നു മതവും പൗരോഹിത്യവും പ്രഘോഷിച്ച സദാചാരസംഹിതകൾ തന്നെയാണ് തങ്ങൾ ഏറ്റെടുത്ത് നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന്, തുടർന്നു രംഗത്തു വന്ന പുരോഗമന വാദികൾക്കും സ്ത്രീവിമോജനക്കാർക്കും മനസ്സിലായിരുന്നില്ല. കാരണം അവരിൽ പലരും ഫ്യൂഡൽ മൂല്യങ്ങൾ മനസ്സിൽ സൂക്ഷിച്ച സദാചാരവാദികളായിരുന്നു സൗന്ദര്യ മത്സരങ്ങൾക്കും കാബറയ്ക്കുമെതിരെ സമരം നടത്തിയവർക്ക് പിന്നീട് ചുംബനസമരം നയിക്കേണ്ടി വന്നത് ഇതുകൊണ്ടാണ്. സദാചാര പോലീസിങ് ശക്തമായതിനു കാരണം കേരളത്തിലെ പുരോഗമനവാദികളെന്ന് സ്വയം കരുതിയ ഇടതുപക്ഷമെന്ന് സ്വയം സങ്കല്പിച്ച, ഒരു വിഭാഗമാണ്. സ്ത്രീയും പുരുഷനും ഒരുമിച്ച് നടക്കുന്നതു കണ്ടാൽ പോലീസിൽ അറിയിക്കുന്നതാണ് വിപ്ലവപ വർത്തനം എന്ന് ഇക്കൂട്ടർ ധരിക്കുവാൻ കാരണം കേരളത്തിൽ സ്ത്രീവിമോചനവാദത്തിനും പുരോഗമന ചിന്തയ്ക്കും തുടക്കമിട്ടവരുടെ തെറ്റായ വ്യാഖ്യാനങ്ങളാണ്. ഈ സാഹചര്യത്തിലാണ് എഴുപതുകൾക്കു മുൻപുതന്നെ മനുഷ്യപക്ഷത്തു നിന്നുകൊണ്ട് കപടസദാചാരത്തിനെതിരെ നാടകങ്ങളിലൂടെ പൊരുതിയ എൻ.എൻ. പിള്ളയുടെ നിലപാടുകൾ ഇന്നും പ്രസക്തമാകുന്നത്.
മലയാള നാടകത്തിലെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ കടന്നുപോയാൽ അതിൽ ആദ്യം വരുന്ന പേരുകളെല്ലാം എൻ എൻ പിള്ളയുടെ നാടകത്തിൽ നിന്നാകും അവരിൽ പലരും വാർപ്പു മാതൃകകളായ കുടുംബിനികളല്ല. ഭർത്താവിന്റെയോ കാമുകന്റെയോ കാലു പിടിച്ചു കരയുന്നവരല്ല. നിരാലംബരായി പാവവീടുകളിൽ വീർപ്പുമുട്ടി സ്വയം എരിഞ്ഞടങ്ങുന്നവരുമല്ല. കാപാലിക, കടയ്ക്കാവൂർ അതേ പട്ടാളം വാനി, അമ്മുക്കുട്ടിയ, അമ്മ, മൃണാളിനി, മാലതി, അക്കാമ്മ, മോളി, സുജാത, കുഞ്ഞുലക്ഷമി, പ്രസിഡന്റിന്റെ അമ്മ തുടങ്ങി എത്രയോ കഥാപാത്രങ്ങൾ, ദുഷിച്ച സമൂഹത്തിനെതിരെ വിരൽ ചൂണ്ടി തികഞ്ഞ ബോധ്യത്തോടെ സംസാരിച്ച ഈ സ്ത്രീ കഥാപാത്രങ്ങളെ ഏറ്റെടുക്കുന്നതിനു പകരം ഇവരെ അശ്ലീലം പറയുന്നവരായി മാറ്റി നിർത്താനാണ് സദാചാര സംരക്ഷകരുടെ കുപ്പായമണിഞ്ഞ ചില നിരൂപകർ ആദ്യകാലത്ത് ശ്രമിച്ചത്.
വിപ്ലവകാരികളോട് ഭരണകൂടം കാണിക്കുന്ന നിർദയസമീപനത്തിന് ഒരു കാലത്തും മാറ്റം വരികയില്ല. ഒരിക്കൽ വിപ്ലവകാരികളായി ഭരണകൂടത്തിനെതിരെ സമരം നയിച്ചവർ പിന്നീട് അധികാരത്തിൽ വരുമ്പോൾ ഭരണകൂടത്തിന്റെ സകലവിധ മർദനോപകരണങ്ങളും വരുതിയിലാക്കുകയും തങ്ങൾ അനുഭവിച്ച പീഡനത്തിന് നിരായുധരായ ജനങ്ങളെ ദ്രോഹിച്ചുകൊണ്ട് പകരം വീട്ടുകയും ചെയ്യുന്നതിന്റെ തുടർച്ചയാണ് ലോകചരിത്രം. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. ഏതു കാലത്തും തൽസ്ഥിതി തുടരാനും തങ്ങൾ അനുഭവിക്കുന്ന സുഖസൗകര്യങ്ങൾക്ക് കോട്ടം തട്ടാതിരിക്കാനുമാണ് നീതിന്യായകോടതികൾ എന്നു പേരിട്ടിരിക്കുന്ന സംവിധാനം ശ്രമിക്കുക. കോടതികളെ ശക്തമായി കീറിമുറിച്ചു വിമർശിക്കുന്ന ഒന്നിലേറെ നാടകങ്ങൾ എൻ എൻ പിള്ള എഴുതിയിട്ടുണ്ട്. ‘പഞ്ചപാമരന്മാരഞ്ചു പേരും ഒരു ഫുൾബെഞ്ചും കൂടി അൻപതു കരിങ്കള്ളന്മാരുടെ അഭിപ്രായമനുസരിച്ച് ഒരു നിപരാധിയെ തൂക്കാൻ വിധിക്കുന്നതാണ് ഇന്നത്തെ നാറിയ നിയമം’ എന്ന് ഗറില്ല എന്ന നാടക വിപ്ലവകാരി ജയിലിൽ വച്ച് ബിഷപ്പിനോട് പറയുന്നു.
സത്യത്തിന്റെ കശാപ്പുശാലയാണ് കോടതി എന്ന കാഴ്ചപാടിൽ നിന്നുകൊണ്ട് രചിക്കപ്പെ നാടകമാണ് ദ ജഡ്ജ്മെന്റ്. തുക്കിലേറ്റപ്പെട്ടു മരിച്ചുകഴിഞ്ഞയാൾ താനുമായി ബന്ധമുള്ളവരുടെ വീട്ടിലെത്തി നടത്തുന്ന സംഭാഷണത്തിന്റെ രൂപത്തിലാണ് ഈ നാടകം. ശരിക്കും ഒരാൾ തൂക്കിലേറ്റപ്പെട്ട് മരിക്കുന്ന സമയമാണ് നാടകത്തിന്റെ ദൈർഘ്യം. പക്ഷേ അതു വിശകലനത്തിലൂടെ മുഴുനീള നാടകമായി വികസിപ്പിക്കുകയാണ്. മതവും രാഷ്ട്രീയവും ഒന്നിച്ചാൽ എങ്ങനെ ഒരു നിരപരാധിയെ തൂക്കിലേറ്റാം എന്നു വെളിവാക്കിത്തരുന്നു ഈ രംഗാവതരണം.
കിഴക്കൻ യൂറോപ്പിൽ പ്രചാരത്തിലിരിക്കുന്ന നാടോടിക്കഥയിൽ നിന്നു പിറന്ന നാടകമാണ് ഡാം. ഇതേ കഥയെ അടിസ്ഥാനമാക്കി ‘അൽബേർ കൊമ്യു’ ‘ ക്രോസ്സ്പർപസ് എന്ന മുഴുനീള നാടകമെഴുതിയിട്ടുണ്ടെന്ന് എൻ.എൻ പിള്ള ആമുഖത്തിൽ തന്നെ സൂചിപ്പിക്കുന്നുണ്ട്. അവതരിപ്പിച്ച ഓരോ സ്ഥലത്തും കാണികൾ ശ്വാസമടക്കിപ്പിടിച്ചാണ് ഈ അവതരണത്തിന് സാക്ഷ്യം വഹിച്ചതെന്ന് ഇതിൽ അഭിനയിച്ച പ്രശസ്ത നടൻ വിജയരാഘവൻ ഓർമ്മിച്ചെടുക്കുന്നുണ്ട്. ആദ്യന്തം നാടകീയത നിറഞ്ഞുനില്ക്കുന്നു ഇതിൽ കുടിയേറ്റമേഖലയായ മലയോഗ്രാമവും ഡാമിന്റെ പശ്ചാത്തലവും നാടകത്തിന്റെ പ്രമേയത്തിന് ഏറ്റവും അനുയോജ്യം. മനുഷ്യരുടെ ആർത്തിയും നിർഭയത്വവും തന്നെയാണ് ഇവിടെ നാടകകൃത്ത് വരച്ചിടുന്നത്.
ആക്ഷേപഹാസ്യ രാഷ്ട്രീയനാടകമായ ദി പ്രസിഡന്റ് ഒട്ടേറെ നാടകീയ മുഹൂർത്തങ്ങളാൽ സമ്പന്നമാണ്. കാണാതായ പ്രസിഡന്റ് തന്റെ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കിയ ശേഷം നാല്പത്തിയൊന്നു ദിവസം കഴിഞ്ഞു തിരികെയെത്തുന്നു. ഭ്രാന്തമായ ലോകത്തെ രക്ഷിക്കാൻ ധർമത്തിൽ അധിഷ്ഠിതവും അചഞ്ചലവുമായ ഏകാധിപത്വത്തിനു മാത്രമേ കഴിയൂ എന്നാണദ്ദേഹത്തിന്റെ പ്രഖ്യാപനം. ഉദാരമതിയായ ഏകാധിപതി (ബെനവളന്റ് ഡിക്ടേറ്റർ) എന്ന സങ്കല്പത്തോടു പോലും മമത തോന്നിപ്പിക്കുന്നു ചിലപ്പോൾ ജനാധിപത്യ സംവിധാനത്തിൽ നടക്കുന്ന അഴിമതിയും ജനവിരുദ്ധതയും.
അരങ്ങിൽ ഏറ്റവുമധികം പരീക്ഷണങ്ങൾ നടത്തിയ നാടകകാരൻ കുടിയാണ് എൻ.എൻ.പിള്ള മലയാളത്തിൽ നാടകരംഗത്തെ പുതിയ പ്രവണതകൾ ശക്തമാകുന്നതിനു മുൻപു തന്നെ സാധാരണക്കാർക്കായി അവതരിക്കപ്പെട്ട നാടകങ്ങളിൽ എല്ലാവിധ സങ്കേതങ്ങളും അദ്ദേഹം പരീക്ഷിച്ചു.ബ്രെഷ്ടിയൻ സങ്കല്പങ്ങൾക്കനുസരിച്ചുള്ള എപ്പിക് തിയേറ്ററും തെരുവുനാടകങ്ങളിലെ പുതു രീതികളും കടന്നു വരുന്നതിനു മുൻപാണ് സുപ്രീം കോർട്ട് പോലുള്ള നാടകങ്ങൾ പിള്ള അരങ്ങിലെത്തിച്ചത് സ്ഥലകാലങ്ങൾ നിഷേധിക്കപ്പെടുന്ന അപാരതയാണ് ഈ നാടകത്തിലെ ആദ്യരംഗം. എന്നാൽ ഇതൊരു കോടതിയാണെന്നാണ് സങ്കല്പം. മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന ഗോഡ്സെയെ വീണ്ടും വിസ്തരിക്കുന്നു. വിധികർത്താക്കളാകട്ടെ ജീസസ് ക്രൈസ്റ്റ്, ഗാന്ധിജി, കാൾ മാർക്സ് എന്നിവർ ,രണ്ടാം രംഗമാണ് ഏറെ വിചിത്രം. വിസ്താരത്തിനു ശേഷം വിധികർത്താക്കൾ അന്വേഷണത്തിനായി വർത്തമാന ഇന്ത്യയിലേക്കെത്തുകയാണ്. ഇവരെ നയിക്കാൻ ഒരു അതിമാനുഷനും. ഇവിടെ പല ഉപരംഗങ്ങളുണ്ടെങ്കിലും കർട്ടൻ മാറുകയോ പ്രകാശം അണയുകയോ ചെയ്യുന്നില്ല. മുഖം മാത്രം പുറത്തു കാണുന്ന വിധം കടുംപച്ച നിറത്തിൽ ദേഹത്തോട് ഒട്ടിപ്പിടിച്ചു കിടക്കുന്ന വസ്ത്രം ധരിച്ച് രണ്ടു രൂപങ്ങൾ പ്രത്യക്ഷപ്പെട്ടാണ് രംഗസജ്ജീകരണങ്ങൾ മാറ്റുന്നത്. യാന്ത്രികമാണ് ഇവരുടെ പ്രെവർത്തനം. ഡീ ഹ്യുമനൈസ്ഡ് ഡമ്മി കാരക്ടേഴ്സ് എന്നാണ് പിള്ള ഇവരെ വിശേഷിപ്പിക്കുന്നത്.
മന്വന്തരവും ഇതുപോലെ അവതരണം കൊണ്ടും രചനാശൈലികൊണ്ടും വേറിട്ട നാടകമാണ്. നാടകത്തിലഭിനയിക്കുന്നവർ സ്വന്തം പേരുതന്നെയാണ് ആദ്യം ഉപയോഗിക്കുന്നതെങ്കിലും പല സന്ദർഭങ്ങളിലായി ഇവർ കഥാപാത്രങ്ങളായി രൂപം മാറുന്നു. വീണ്ടും തങ്ങളിലേക്ക് തന്നെ തിരിച്ചുവരികയും ചെയ്യും ഈ നാടകം ഏതു സമിതി അവതരിപ്പിച്ചാലും അഭിനയിക്കുന്നവർ തങ്ങളുടെ പേരു തന്നെ സ്വീകരിക്കുകയും പിന്നെ കഥാപാത്രമായി മാറുകയും ചെയ്താൽ മതിയെന്ന് നാടകകൃത്തു തന്നെ നിർദ്ദേശിക്കുന്നുണ്ട്. കെ.പി.എ.സി യാണ് ഈ നാടകം ആദ്യം അരങ്ങിലെത്തിച്ചത്. സുലോചന, കൃഷ്ണപിള്ള, ജോൺസൺ, ഉണ്ണികൃഷ്ണൻ, ബിയാട്രിസ് എന്നിങ്ങനെ അഭിനേതാക്കളുടെ യഥാർത്ഥ പേരുകൾ നാടകത്തിലും കാണാം.
പ്രേക്ഷകർ നാടകത്തിന്റെ കഥാഗതിയിലും വൈകാരികതയിലും മുഴുകി സ്വയം നഷ്ടമാകുന്നതിനു പകരം മാറി നിന്ന് യുക്തിയുക്തമായി നാടകത്തിന്റെ പ്രമേയത്തെ വിശകലനം ചെയ്ത് സ്വയം ബോധ്യങ്ങളിലേക്ക് എത്തിച്ചേരുകയെന്ന ജർമൻ നാടകകൃത്ത് ബേർട്ടോൾട് ബ്രെഹ്റ്റിന്റെ സങ്കല്പം അതിന്റെ പരിപൂർണമായ അർഥത്തിൽ ഉൾക്കൊണ്ടുകൊണ്ട് രചിക്കപ്പെട്ടതാണ് ഭാവത്രയം. ഇതിലെ നരേറ്റർ തന്നെ പല കഥാപാത്രങ്ങളായി രൂപം മാറുന്നു. നല്ല കഥയോ പ്രേക്ഷകർക്കു താദാത്മ്യം പ്രാപിക്കാൻ കഴിയുന്ന കഥാപാത്രങ്ങളോ ഈ നാടകത്തിലില്ല. അതുകൊണ്ടു തന്നെയാണ് ഈ നാടകം മനസ്സുകൊണ്ടല്ല തലച്ചോറുകൊണ്ടാണ് കാണേണ്ടതെന്ന് നാടകകൃത്ത് ആമുഖമായി തന്നെ പറയുന്നത്. വികാരത്തിനു പകരം ഉടനീളം വിചാരം മേൽകൈ നേടുകയാണ് നാടകത്തിൽ. ഒന്നാം രംഗം ഇന്നലെയും രണ്ടാം രംഗമായ കൃഷ്ണാർജുന സംവാദം ആദ്യ രംഗത്തിലെ കഥാപാത്രങ്ങളുടെ തലച്ചോറിൽ നടക്കുന്ന മായാലോകവുമാണ്. മൂന്നാം രംഗമാവട്ടെ ആദ്യരംഗത്തിന്റെ ആവർത്തനമായിവരുന്ന നാളെയും. സാധാരണ കഥാപാത്രങ്ങൾ സ്വാഭാവികമായി അഭിനയിക്കുമ്പോൾ കൃഷ്ണനും അർജുനനും പുരാണകഥാപാത്രങ്ങളെന്ന നിലയിൽ സ്റ്റൈലൈസേഷൻ സങ്കേതമാണ് സ്വീകരിക്കുന്നത്
നാടകത്തിന്റെ ക്രിയാത്മകതയിൽ മാത്രം ഊന്നുകയും അതിനു പ്രക്ഷേപിക്കാൻ സാധിക്കുന്ന ആശയത്തെ അവഗണിക്കുകയും ചെയ്ത ലൂയി പിരാന്തല്ലോയെ തിരുത്തുന്നുണ്ട് എൻ.എൻ. പിള്ള അരങ്ങവതരണത്തിന്റെ സാമൂഹികശാസ്ത്രത്തെപ്പറ്റി അദ്ദേഹത്തിനു നല്ല ബോധ്യമുണ്ടായിരുന്നു. സാമൂഹിക ജീവിയായ മനുഷ്യന്റെ പ്രശ്നങ്ങൾക്ക് അതിലളിതമായ പരിഹാരങ്ങളില്ലാത്തതിനാൽ എൻ എൻ പിള്ള ഉന്നയിച്ച ചോദ്യങ്ങൾ എക്കാലവും വിവേകമുള്ളവരെ ഇരുത്തി ചിന്തിപ്പിക്കും, എന്താണ് നാടകാനുഭവം എന്ന് ഈ രചനകൾ വരും തലമുറയെപ്പോലും പഠിപ്പിക്കുകയും ചെയ്യും.
മനുഷ്യനിൽ മാനസികോല്ലാസത്തിനും വിനോദത്തിനും ഭാവനാത്മകമായി തന്നിൽ നിന്നു വിട്ടു മറ്റൊന്നാകാനുള്ള വാസന നിലനില്‍ക്കുന്ന കാലത്തോളം നാടകവേദി വളർന്നുകൊണ്ടേയിരിക്കുമെന്ന് എറിക് ബെറ്റ്ലിയുടെ ‘ദി ഡ്രമാറ്റിക് ഇവന്റ്’ എന്ന പ്രബന്ധത്തെ ഉദ്ധരിച്ചുകൊണ്ട് എൻ എൻ പിള്ള എഴുതിയിട്ടുണ്ട്. ദ ലൈഫ് ഓഫ് ദ ഡ്രാമ, തിയേറ്റർ ഓഫ് വാർ തുടങ്ങിയ നാടകപഠന ഗ്രന്ഥങ്ങൾ രചിച്ച ബെന്റ്ലി, ടെന്നസി വില്യംസ്, ആർതർ മില്ലർ തുടങ്ങിയ വിഖ്യാത നാടകകൃത്തുക്കളെ അതി ശക്തമായി വിമർശിച്ച് വിവാദ കൊടുങ്കാറ്റ് അഴിച്ചുവിട്ട നിരൂപകനാണ്. ബെർട്ടോൾട്ട് ബ്രെഹ്റ്റിനെപ്പറ്റി സമഗ്രമായി പഠിച്ച ധീരനായ ബെന്റ്ലി പിള്ളയ്ക്കു പ്രിയപ്പെട്ടവനായതിൽ അദ്ഭുതമില്ല. നാടകം മരിക്കില്ല എന്നു സ്ഥാപിച്ചുകൊണ്ട് ബെന്റ്ലി എഴുതിയ നാല് അഭിപ്രായങ്ങൾ എൻ. എൻ .പിള്ള തന്റെ നോട്ടുബുക്കിൽ കുറിച്ചിട്ടിരുന്നു. അത് ഇപ്രാകാരമാണ് 1.സംസ്കാരം നശിക്കാത്ത കാലത്തോളം നാടകം മരിക്കില്ല. 2. നാടകകൃത്തുക്കൾ ഇല്ലാതായാലും നാടകം മരിക്കില്ല, അഭിനേതാക്കൾ ഇല്ലാതാകുമ്പോൾ മാത്രമേ അത് സംഭവിക്കൂ. 3. നാടകകൃത്തുക്കൾ ഇല്ലാത്ത കാലത്തും അഭിനേതാക്കൾ തീറ്ററിനെ സജീവമായി നിലനിർത്തും. 4. നാടകം പ്രേക്ഷകരെ രസിപ്പിക്കുന്നുവെങ്കിൽ ചോദ്യങ്ങളുന്നയിക്കാതെതന്നെ എല്ലാറ്റിനോടും ക്ഷമിക്കാം.
നാടകരചയിതാക്കൾ ധിഷണാശാലികളായ ചിന്തകർകുടി ആയിരിക്കണമെന്ന് അഭിപ്രായപ്പെട്ട എറിക് ബെന്റിലയെ എൻ.എൻ. പിള്ളയെ പരിചയപ്പെടാതിരുന്നത് മലയാളത്തിന്റെ നിർഭാഗ്യമാണ്. പുസ്തകങ്ങളിലൂടെ പിള്ള ബെന്റിയെ അടുത്തറിഞ്ഞു എന്നത് നാടകപ്രേമികളുടെ സൗഭാഗ്വവും മനുഷ്യനും സാംസ്കാരിക പൊതു മണ്ഡലവും നിലനില്‍ക്കുന്ന കാലത്തോളം നാടകം മരിക്കാത്തതി നാൽ എൻ. എൻ. പിള്ളയ്ക്കും മരണമില്ല തന്റെ ഭൗതികമരണം ഞാൻ സ്വർഗത്തിൽ എന്ന നാടകത്തിൽ ജീവിച്ചിരിക്കുമ്പോൾത്തന്നെ അദ്ദേഹം നിറവേറ്റിയിട്ടുണ്ടല്ലോ.
എന്‍ എന്‍ പിള്ളയുടെ നാടകപ്പെരുമ – ഡോ.കൃഷ്ണകുമാരി ടി (Retd Professor)
നാടകം ജീവിതമാക്കിയവരില് മുന്‍നിരയില്‍ സ്ഥാനം പിടിക്കുന്ന വ്യക്തിത്വമാണ് ശ്രീ.എന്‍.എന്‍ പിള്ള. മലയാളത്തിലെ പ്രൊഫഷണല്‍ നാടകവേദിയില്‍ എന്തുകൊണ്ടും ശ്രദ്ധേയമാണ് അദ്ദേഹത്തിന്റെ വിശ്വകേരളകലാസമിതി. നാടകകൃത്ത്, നടന്, സംവിധായകന് എന്നീ നിലയില്‍ അദ്ദേഹത്തിന്റെ നിസ്തന്ദ്രമായ പരിശ്രമം നാടകവേദിയുടെ അഭിമാനവുമാണ്.
1944 ല്‍ ‘താന്തിയാതോപ്പി’ യിലൂടെ നാടകരചന ആരംഭിച്ചെങ്കിലും 1952 ല്‍ ‘മനുഷ്യന്’ എന്ന നാടകമാണ് വിശ്വകേരളകലാസമിതി അവതരിപ്പിക്കുന്നത്. ആദ്യനാടകം അസംബന്ധ നാടകത്തിന്റെ രീതിയിലുള്ള രചനയായതിനാല്‍ പ്രേക്ഷകര്‍ ഉള്‍ക്കൊണ്ടില്ല. ‘പുതിയ വെളിച്ചം ‘എന്ന രണ്ടാമത്തെ നാടകം ഒട്ടൊക്കെ വിജയിച്ചു. പിന്നീട് എഴുതി അവതരിപ്പിച്ച ‘ആത്മബലി – പ്രേതലോകം- കാപാലിക’ എന്നീ നാടകങ്ങളിലൂടെ (എന്‍ എന്‍ പിള്ളയുടെ ഭാഷയില്‍ പറഞ്ഞാല്‍ നടന്നും ഓടിയും പറന്നും) പ്രശസ്തിയിലേക്ക് കുതിച്ചു. ‘പിന്നില്‍ ഒരു മറ, നില്ക്കാന് ഒരു തറ, മുന്നില്‍ നിങ്ങളും (പ്രേക്ഷകന്) എന്റെ മനസ്സില്‍ ഒരു നാടകവും’ ഇതാണ് നാടകത്തെക്കുറിച്ചുള്ള എന്‍.എന്‍.പിള്ളയുടെ തീയേറ്റര്‍ നിര്‍വ്വചനം. നാടകരംഗത്ത് നിരവധി സങ്കേതങ്ങളും മേഖലകളും പരീക്ഷിച്ച് വിജയിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. അനനുകരണീയമായ ശൈലിയും, അഭ്യാസം കൊണ്ട് പക്വതയാര്‍ന്ന പ്രതിഭയും എന്‍ എന്‍ പിള്ളയെ വ്യത്യസ്തനാക്കുന്നു.
മറ്റാരും കൈകാര്യം ചെയ്യാൻ മടിക്കുന്ന പ്രമേയമാണ് അദ്ദേഹത്തിന്റെ നാടകങ്ങളിൽ. സ്വന്തം ജീവിതാനുഭവങ്ങൾ അവയ്ക്ക് ജീവൻ പകരുന്നു. സമൂഹത്തിലെ വൈകൃതങ്ങൾ മാന്തിയെടുത്ത് അവതരിപ്പിക്കുന്നതിന് ചില ‘തുറന്നു പറച്ചിലുകൾ’ വേണ്ടിവരും.അതിന്റെ അരോചകത്വം കുറയ്ക്കാൻ ആക്ഷേപഹാസ്യം (Satire) സ്വീകരിച്ചിരിക്കുന്നു. സമൂഹവും വ്യക്തിയും പുലർത്തുന്ന കാപട്യങ്ങൾക്കെതിരെയുള്ള ശക്തമായ അമർഷം പരിഹാസത്തിന്റെ മൂർച്ചയോടെ എല്ലാ നാടകങ്ങളിലും പ്രത്യക്ഷമാവുന്നുണ്ട്. ഏതെങ്കിലും നൈതിക പ്രശ്നങ്ങളും ഇതിലെല്ലാം അന്തർഭവിക്കുന്നു മുണ്ട്. സ്വകീയമായ ശൈലിയിലുള്ള ഈ സാമൂഹിക വിമർശനം പിള്ളയുടെ നാടകങ്ങളുടെ മുഖമുദ്രയാണ്.
ഇബ്സൺ (ക്ലൈമാക്സിൽ ആരംഭിക്കുന്ന രൂപ ശിൽപം), പിരാന്റലോ (സാമൂഹിക വൈകൃതങ്ങളുടെ ആവിഷ്കരണം), ബർനാർഡ് ഷാ(Satirical dialogue) എന്നിവരുടെ സ്വാധീനം അദ്ദേഹത്തിന്റെ മിക്ക നാടകങ്ങളിലും മുഖ്യമായി കാണാം. അയനെസ്കോ, മേറ്റർലിഹ്ക്, ടെന്നസി വില്യംസ് എന്നിവരുടെ സ്വാധീനവും ഇല്ലാതില്ല.
റിയലിസം, ഭ്രമാത്മകം, റിയലിസവും ഭ്രമാത്മകതയും ചേരുന്ന സങ്കര രീതി- പ്രമേയാനുസരണമുള്ള സങ്കേതങ്ങൾ അദ്ദേഹം സ്വീകരിച്ചിരുന്നു. ‘ഈശ്വരൻ അറസ്റ്റിൽ’, ‘ഞാൻ സ്വർഗ്ഗത്തിൽ’, ‘മന്വന്തരം’ എന്നീ നാടകങ്ങൾ ഭ്രമാത്മക ങ്ങളാണ്, ‘മരീജിക’, ‘സുപ്രീം കോർട്ട്’ എന്നിവ സങ്കര ശൈലിയിലാണ്. ‘ആത്മബലി’, ‘ക്രോസ്ബെൽറ്റ്’, ‘കാപാലിക’ തുടങ്ങിയ നാടകങ്ങൾ റിയലിസ്റ്റിക്കും.
എൻ എൻ പിള്ളയുടെ ആദ്യത്തെ റിയലിസ്റ്റിക് നാടകം ആത്മബലി ആണ് ഒരു ധീരജവാന്റെ ദേശസ്നേഹം പ്രകീർത്തിക്കുന്ന നാടകം, ചെറുമകനെ കണ്ടു തന്റെ വീട് ‘പട്ടാളക്കാരുടെ നീണ്ടനിരയുള്ള’ വീടാകണമെന്നഭിമാനിക്കുന്ന കിട്ടുകുറുപ്പിന്റെസംഭാഷണം ” പിള്ളേച്ചാ… ഇത് കണ്ടിട്ട് എനിക്കും പട്ടാളത്തിൽ ചേരണമെന്ന് തോന്നുകാ “എന്ന് ഒറെതയ്ക്ക് പ്രേരകമായത് ഇന്നും സാർത്ഥമാവുന്നു. കാലാതീതമായി വർത്തിക്കുന്ന പ്രമേയം മിക്ക നാടകങ്ങളിലും കാണാം.
“നമുക്കൊരു സംസ്കാരമുണ്ട് കേട്ടോ അതോർമ്മ വേണം” എന്ന് കൂടെക്കൂടെ ഓർമിപ്പിക്കുന്ന ‘പ്രേതലോക’ ത്തിലെ ഭാവപ്രപഞ്ചം പലപ്പോഴും ക്രൂരമായ ചിരിയിൽ പൊതിഞ്ഞെടുത്തിരിക്കുന്നു. പൊള്ളയായ സന്മാർഗവും അന്തസ്സും ആദർശവും നിശിതമായി വിശദീകരിക്കപ്പെടുന്നു.
മൾട്ടിപേഴ്സണാലിറ്റിയെ നാടക നിർമ്മിതിക്ക് ഘടകം ആക്കിയ ‘മരണ നൃത്തം’ മനശാസ്ത്രത്തിന്റെ കൂട്ടുചേരുന്നു. “ഞാൻ ആരാണെന്നോ……
ആർത്തരൂപണപരായണനാണ്. അരുംകൊലപാതകിയുമാണ്, ധീരശൂര പരാക്രമിയാണ് ആണ്, ഭയചകിതനാണ്….. ഇതെല്ലാം ചേർന്നതാണ് ഞാൻ” എന്നുപറയുന്ന ഡോക്ടർ മധുസൂദനൻ തമ്പിയുടെ കഥാപാത്രം മനുഷ്യജീവിതത്തിന്റെ നല്ലൊരു വ്യാഖ്യാനം ആകുന്നു.
ഇങ്ങനെ നോക്കുമ്പോൾ ഏകാങ്കങ്ങൾ ഉൾപ്പെടെ എൻ എൻ പിള്ള എഴുതിയ നാടകങ്ങളിൽ പ്രത്യക്ഷമാകുന്ന പ്രമേയം, കഥാപാത്രങ്ങൾ, സംഭാഷണം എല്ലാം അദ്ദേഹത്തിന്റെ അനുഭവസമ്പത്തിൽ കരുത്താർജ്ജിച്ചവയാണ് അദ്ദേഹത്തിന്റെ മനസ്സിന്റെ കയ്യൊപ്പ് ചേരുന്ന നാടകങ്ങൾ.
എന്നാൽ പാട്ടും നൃത്തവും കൂടാതെ നാടകം വിജയിക്കും എന്ന് ‘ക്രോസ് ബെൽറ്റി’ ലൂടെ അദ്ദേഹം തെളിയിച്ചു.പിന്നീടുള്ള നാടകങ്ങളിൽ അവതരണഗാനം മാത്രമേയുള്ളൂ. പ്രേക്ഷകരെ മുന്നിൽ കാണേണ്ടതിനാൽ മെലോഡ്രാമയാവുന്നു എന്നും പറയാം.
കഠിനങ്ങളായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന നാടകകൃത്തിന് സ്വന്തം പരിചയ സീമയിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ പ്രയാസമില്ല. രാജശേഖരൻ നായർ, ശേഖരൻ നായർ, പട്ടാളം ഭവാനി( ഓമന ചേച്ചി ഈ കഥാപാത്രത്തെ ശക്തമാക്കിയിട്ടുണ്ട്( ക്രോസ്ബെൽറ്റ് )). കടയ്ക്കാവൂർ അത്ത ( കാപാലിക ) ബാബു (ഗറില്ല) മൃണാളിനി (മരീചിക) തുടങ്ങിയവർ ഉദാഹരണങ്ങൾ. ചില കഥാപാത്രങ്ങൾക്ക് ഒരു എകതാനത കാണാം. ദേവരാജൻ (ജന്മാന്തരം), കെ. കെ നായർ( വിഷമവൃത്തം ), പാപ്പച്ചൻ (ഫോളിഡോൾ, ആത്മബലി), ലിസി (ആത്മബലി), റൂബി (ഫോളിഡോൾ), പട്ടാളം ഭവാനി (ക്രോസ്സ്ബെൽറ്റ്), മേരി (ഡൈനാമിറ്റ്) ഇവർ ഒരേ രൂപഭാവങ്ങൾ ആവർത്തിക്കുന്നു. കഥാപാത്ര രൂപീകരണത്തിൽ മിക്കപ്പോഴും പരസ്വത്വാവേശം സ്വീകരിച്ചിരിക്കുന്നു.
ചാട്ടുളിപോലെ പതിക്കുന്ന സംഭാഷണം കൊണ്ട് സമൃദ്ധമാണ് പിള്ളയുടെ നാടകങ്ങൾ ചില നാടകങ്ങളിൽ മുൻ സൂചിപ്പിച്ച എകതാനത സംഭാഷണത്തിലും ഉണ്ട് “അറിവുകെട്ട അത്ഭുതമാണ് ആരാധന”. “അറിവ് കൂടുംതോറും ആരാധന നശിച്ചു വരും” (മന്വന്തരം, സുപ്രീം കോർട്ട് ).
എനിക്ക് അച്ഛനില്ലെങ്കിൽ പിന്നെ ഞാനുണ്ടാവുമോടോ ( കാപാലിക, സുപ്രീം കോർട്ട് ) എന്നിങ്ങനെ പല കഥാപാത്രങ്ങൾ ഒരേ രീതിയിൽ സംസാരിക്കുന്നുണ്ട്.
സുഘടിത നാടകത്തിന്റെ എല്ലാ ലക്ഷണങ്ങളും പ്രദർശിപ്പിക്കുന്നു ക്രോസ്ബെൽറ്റ്.
ഒരു രാഷ്ട്രീയക്കാരനല്ലെങ്കിലും കൈവരിച്ച അറിവിന്റെയും അനുഭവത്തിന്റെയും പശ്ചാത്തലത്തിൽ ഇവിടെയൊരു സമൂല പരിവർത്തനം വരുത്താൻ വിപ്ലവത്തിന് കഴിയില്ലെന്ന വിശ്വാസമാണ് ‘ദി പ്രസിഡന്റ്(The President) ‘ എന്ന നാടകം, കാലത്തിന് ചേർന്ന നാടകം. ധീരമായ ഇത്തരം സാമൂഹിക വിമർശനങ്ങൾ ശക്തമാകുമ്പോൾ പിള്ള ഉദ്ദേശിക്കുന്നത് തന്റെ നാടകം കൊണ്ട് നാടിനും നാട്ടാർക്കും ഒരടിയെങ്കിലും ഉന്നമനം ഉണ്ടാകണമെന്നുതന്നെയാണ്.
സാമൂഹിക പരിഹാസം എന്‍.എന്‍ പിള്ളയുടെ നാടകത്തില്‍ – രശ്മി രാജൻ (MA, M.Phil)
സാമൂഹിക നാടകങ്ങള്‍ ചരിത്രത്തിന്റെ ഒരാവശ്യം തന്നെയാണ്. ആക്ഷേപ ഹാസ്യത്തിന് പാശ്ചാത്യരും പൗരസ്ത്യരുമായ ആചാര്യന്മാര് നല്‍കിയിരുന്ന നിർവചനങ്ങൾ ശ്രദ്ധേയമാണ്. അതിപ്രാചീനകാലം മുതല്‍ നാടകത്തില്‍ ആക്ഷേപഹാസ്യം കടന്നുകൂടിയിട്ടുണ്ട്. അന്നെന്നപോലെ ഇന്നും സാമൂഹ്യ പരിവര്‍ത്തനം തന്നെയാണ് സറ്റയറിസ്റ്റുകളുടെ (Satirist) ലക്ഷ്യം. ഈ ലക്ഷ്യം സഫലീകരിക്കുവാന്‍ പറ്റിയ ഉപാധിയാണ് നാടകം. നാടകത്തിലെ കഥാപാത്രങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും സാമൂഹിക വിമര്‍ശനവും പരിഷ്കരണശ്രമവും നാടകകൃത്ത് സഫലീകരിക്കുന്നു. മലയാളത്തില്‍ ചാക്യാന്മാരിലൂടെ ഉടലെടുത്ത ആക്ഷേപഹാസ്യം തുള്ളല്‍ കഥകളിലൂടെ വളര്‍ന്ന് പ്രഹസനങ്ങളിലും പിന്നീട് നാടകങ്ങളിലും എത്തിച്ചേര്‍ന്നു. സാമൂഹിക ശുദ്ധീകരണം ലക്ഷ്യമാക്കി അനേകം ആക്ഷേപഹാസ്യ നാടകങ്ങള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവയില്‍ നിന്നൊക്കെ വ്യത്യസ്തത പുലര്‍ത്തുന്ന നാടകങ്ങള്‍ ആണ് എന്‍.എന്‍. പിള്ളയുടേത്.
ഗൗരവമേറിയ പ്രമേയങ്ങൾ, ചാട്ടുളി പോലുള്ള സംഭാഷണങ്ങൾ, സ്വാനുഭവത്തിൽ നിന്ന് തിരഞ്ഞെടുത്ത കഥാപാത്രങ്ങൾ ഇവ പിള്ളയുടെ നാടകത്തിന്റെ സവിശേഷതയാണ്. പ്രൊഫഷണൽ നാടകകൃത്ത് എന്ന നിലയിൽ ശ്രദ്ധേയനായ പിള്ളയുടെ നാടകങ്ങളിൽ സാമൂഹിക പ്രശ്നങ്ങൾക്കാണ് സ്ഥാനം. ജീവിതത്തിൽ നേരിട്ട് കണ്ടിട്ടുള്ളവരെ തന്നെ കഥാപാത്രങ്ങൾ ആക്കിമാറ്റുന്ന പിള്ള സംഭാഷണത്തിന്റെ മൂർച്ചയും സ്വാഭാവികതയും മൂലം പ്രേക്ഷകരെ ചിരിപ്പിക്കുകയും ചെയ്യുന്നു. നിശിതമായ സാമൂഹ്യവിമർശനത്തിലാണ് അദ്ദേഹത്തിന്റെ നാടകകല സാഫല്യമടയുന്നത്. പ്രചരണാംശവും നർമ്മബോധവും അതിന് ഉപസംസ്കാരങ്ങളാവുന്നതേയുള്ളു.
യാഥാർത്ഥ്യ സ്വഭാവം പുലർത്തുന്ന കഥാപാത്രം, സംഭാഷണം, ക്രിയാശം എന്നീ ഘടകങ്ങൾ പിള്ളയുടെ എല്ലാ നാടകങ്ങളെയും ഇതിവൃത്തങ്ങളെയും സുഘടിതമാക്കിയിട്ടുണ്ട്. റിയലിസ്റ്റിക് നാടകങ്ങളാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
അനുഭവസമ്പന്നനായ നാടകകൃത്താണ് പിള്ള. ജീവിതത്തിൽ നേരിട്ടു കണ്ട കഥാപാത്രങ്ങളെ തന്റെ നാടകത്തിൽ ചിത്രീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. തനിക്ക് പറയാനുള്ളതെല്ലാം ഏതെങ്കിലും കഥാപാത്രങ്ങളെക്കൊണ്ട് പറയിക്കും. ആ സാധ്യത കണക്കിലെടുത്തുകൊണ്ട് യുക്തിക്കു നിരക്കും വിധം കഥാപാത്രങ്ങളെ ഇണക്കുകയും ചെയ്യും.
സംഭാഷണ പ്രധാനമാണ് പിള്ളയുടെ നാടകങ്ങൾ എങ്കിലും സംഭാഷണം വാചാലമാണെന്ന് പറയുക വയ്യ. നാടകത്തിൽ ദൃശ്യത്തെയോ ശ്രവ്യാംശത്തെയോ ബാധിക്കുന്ന’കിക്കുകൾ’ കൊണ്ട് ഗോളടിക്കാൻ സമർത്ഥനാണ് പിള്ള. ചാട്ടുളി പോലുള്ള സംഭാഷണങ്ങളാണ് പിള്ളയുടെ നാടകങ്ങളിൽ ഉള്ളത്. ലോകവൈകൃതങ്ങളുടെയും പൊള്ളത്തരങ്ങളുടെയും നേർക്ക് തുളഞ്ഞുകയറുന്ന നാടകീയ സംഭാഷണം ബർണാഡ് ഷായുടെ സ്വാധീനഫലമാണ്, പരിഹാസമാണ് അതിന്റെ മുഖമുദ്ര.
സ്വാനുഭവങ്ങളിൽ നിന്ന് ഉടലെടുക്കുന്ന ജീവിതബോധമാണ് അദ്ദേഹം തന്റെ നാടകരചനയിൽ ആവിഷ്കരിക്കാൻ ശ്രമിച്ചിട്ടുള്ളത്. സമൂഹത്തെ വിമലീകരിക്കാനുള്ള ആയുധമാക്കി നാടകത്തെ പിള്ള സ്വീകരിച്ചു. തന്റെ ഓരോ നാടകത്തിലും സജീവമായ സാമൂഹികപ്രശ്നങ്ങൾ അവതരിപ്പിച്ചുകൊണ്ട് ശക്തമായ ആക്ഷേപഹാസ്യത്തിലൂടെ ദുഷിച്ച സാമൂഹിക വ്യവസ്ഥയ്ക്കെതിരെ പ്രതികരിക്കുകയാണ് പിള്ള ചെയ്യുന്നത്.നിശിതവും, തീക്ഷ്ണവും, സൗഹൃദയ ഹൃദയങ്ങളിൽ ആഞ്ഞു തറയ്ക്കുന്നതുമായ ആക്ഷേപഹാസ്യത്തിലൂടെ പ്രേക്ഷകമനസ്സിൽ ശക്തമായ ആഘാതം ഉണ്ടാക്കുകയാണ് എൻ എൻ പിള്ളയുടെ നാടകങ്ങൾ. സമൂഹത്തിലെ കൊള്ളരുതായ്മകളുടെ കട്ടപിടിച്ച ഇരുട്ടിൽ പതിച്ച ഇടിവാൾ മുഴക്കം ആയിരുന്നു പിള്ളയുടെ ഡയലോഗുകൾ. സമൂഹത്തിലെ ആത്മവഞ്ചനകളെ തുറന്നുകാണിക്കാൻ നാടകങ്ങൾ എഴുതുകയും ആക്ഷേപഹാസ്യത്തിലൂടെ ആ വഞ്ചനകളെ കഠിനമായി വിമർശിക്കുകയും ചെയ്ത നാടകകൃത്താണ് എൻ എൻ പിള്ള.
എൻ എൻ പിള്ളയുടെ എല്ലാ നാടകങ്ങളിലും ആക്ഷേപഹാസ്യം നിഴലിച്ചു നിൽക്കുന്നുണ്ട്. എങ്കിലും റിയലിസ്റ്റിക് സങ്കേതമവലംബിക്കുന്ന നാടകങ്ങൾ ആയ പ്രേതലോകം (1965), ക്രോസ്ബെൽറ്റ് (1967), കാപാലിക (1974), ദി പ്രസിഡന്റ് (1980) എന്നിവയും ഭ്രമാത്മക നാടകമായ ഈശ്വരൻ അറസ്റ്റിൽ (1967), ഇവ രണ്ടിന്റെയും സങ്കരരൂപമായ ഞാൻ സ്വർഗ്ഗത്തിൽ (1971), സുപ്രീം കോർട്ട് (1979) എന്നീ നാടകങ്ങളെ മുൻനിർത്തി എൻ എൻ പിള്ളയുടെ നാടകങ്ങളിൽ നിറഞ്ഞുനിൽക്കുന്ന സാമൂഹിക പരിഹാസത്തിന്റെ ഒരു ചെറു വിവരണം.
സംസ്കാരത്തിന്റെ മുഷിഞ്ഞുനാറിയ മുഖം മൂടി വലിച്ചിളക്കിയാൽ ലോകം നികൃഷ്ടവും നിന്ദ്യവുമാണെന്ന സത്യം ‘പ്രേതലോകം’ എന്ന നാടകത്തിലൂടെ നാടകകൃത്ത് നമുക്ക് മനസ്സിലാക്കിത്തരുന്നു. തെരുവ് ജീവിതങ്ങളുടെ നേർകാഴ്ചയാണീ നാടകം. തെരുവിന്റെ ജീർണ്ണജീവിത പ്രതിനിധികളിൽ ഉറഞ്ഞു കൂടുന്ന മനുഷ്യ സ്നേഹത്തിന്റെ മഹത്വവും, മഹത്തായ സംസ്കാരം അവകാശപ്പെടുന്ന സമൂഹത്തിന്റെ പ്രതിനിധികളായ മാന്യരുടെ ജീവിതത്തിലെ വൃത്തികേടുകളും തുലനം ചെയ്യപ്പെടുന്നുണ്ട്. പ്രേതലോകത്തിലൂടെ പ്രത്യക്ഷപ്പെടുന്ന പ്രധാന കഥാപാത്രങ്ങളാണ് അർത്തുങ്കൽ കാർത്ത്യായനി, പോക്കർ, പത്തു വയസ്സുള്ള കുട്ടി എന്നിവർ അർത്തുങ്കൽ കാർത്യായനിയുടെ പൊങ്ങച്ചം പറച്ചിലിലൂടെ ഏതൊരു മനുഷ്യനെയും ഭരിക്കുന്ന അഹംബുദ്ധിയുടെ ധ്വനി നാടകകൃത്ത് വ്യക്തമാക്കുന്നു. ജീവിതത്തിന്റെ യഥാർത്ഥ ചിത്രത്തിന്റെ നേർക്കാഴ്ചയാണ് ഈ നാടകം. ഈ നാടകത്തിലെ ഓരോ കഥാപാത്രത്തിന്റെയും സംഭാഷണങ്ങൾ പ്രേക്ഷകരെ ചിന്തിപ്പിക്കുന്നതാണ്. സാമൂഹിക അനീതിക്കെതിരെ, ക്രൂരതകൾക്കെതിരെ പിള്ള തന്റെ കഥാപാത്രങ്ങളിലൂടെ വിമർശനശരങ്ങൾ ഉയർത്തുന്നു. തെരുവിലെയും മണിമാളികകളിലെയും ജീവിതം താരതമ്യം ചെയ്യുന്നതിനൊപ്പം മാന്യന്മാരുടെ സംസ്കാരത്തിന് പിന്നിൽ മറ കെട്ടിയ അസത്യങ്ങളെ നിശിതമായ പരിഹാസങ്ങളിലൂടെ പിള്ള ഈ നാടകത്തിൽ ചിത്രീകരിച്ചിട്ടുണ്ട്.
എൻ എൻ പിള്ളയുടെ നാടകങ്ങളിൽ നിന്ന് വ്യത്യസ്തമായ പ്രമേയവും ആവിഷ്കരണരീതിയും ഭാവസംവേദകത്വവും നിറഞ്ഞുനിൽക്കുന്ന നാടകമാണ് ‘ക്രോസ്ബെൽറ്റ്’. സത്യത്തിനുവേണ്ടി പൊരുതുന്നവരെ പ്രതിക്കൂട്ടിലാക്കുന്ന ലോകത്തെ നിശിതമായ സാമൂഹിക പരിഹാസം കൊണ്ട് പിള്ള ചോദ്യംചെയ്യുന്നു. അഴിമതി പ്രമേയമായ ഈ നാടകത്തിൽ നിറഞ്ഞാടിയ ഒരു കഥാപാത്രമാണ് പട്ടാളംഭവാനി എന്ന ഭ്രാന്തിതള്ള.പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന സംഭാഷണങ്ങൾ കൊണ്ട് ശ്രദ്ധേയമാണീ നാടകം.’ ഒന്നു ചവിട്ടിത്തിരിച്ചാൽ മാത്രമേ അത് ശരിയാകൂ ‘ എന്ന് പറയുന്നിടത്തു എൻ. എൻ പിള്ള എന്ന നാടകകൃത്തിന്റെ ആത്മരോഷവും സങ്കടവും അതിന്റെ ഉച്ചസ്ഥായിലെ ത്തുകയാണ്. സാധാരണ മാനസിക നിലയിലുള്ള ഒരു വ്യക്തി പറയുന്നതിലും എത്രയോ ഫലപ്രദമായി ഭ്രാന്തി ആയ ഭവാനി യിലൂടെ സാമൂഹിക പരിഹാസം നിറഞ്ഞ വിമർശനങ്ങൾപിള്ള പറയിപ്പിക്കുന്നു. കപട സമൂഹത്തെ തുറന്നാക്ഷേപിച്ചുകൊണ്ട് ട്രാജഡിയും, കോമഡിയും ഒരേപോലെ സന്നിവേശിപ്പിക്കുന്ന നാടകമാണ് ക്രോസ് ബെൽറ്റ്.
മലയാള നാടക വേദിയിൽ ശ്രദ്ധേയമായ ചലനങ്ങൾ സൃഷ്ടിച്ച അതിശക്തമായ ഒരു നാടകമാണ് ‘കാപാലിക’. മഹത്വത്തിന്റെ പരിവേഷമണിഞ്ഞ സാമൂഹത്തിൽ ‘വ്യഭിചാരം എന്തുകൊണ്ട് മഹനീയമായികൂടാ എന്ന് ആധുനിക സമൂഹത്തോട് നാടകകൃത്ത് ചോദിക്കുന്നു.
കപിലവസ്തുവിലെ കർമ്മയോഗിയിൽ പോലും കാമദേവനെ ദർശിക്കുന്ന കാപാലിക വഞ്ചനയുടെ പാഠം സ്വാനുഭവത്തിൽ നിന്ന് ഉൾകൊണ്ട് ആ വഞ്ചനയ്ക്കെതിരെ നയപരമായി പെരുമാറാൻ പഠിച്ച ഒരു കഥാപാത്രമാണ്. നാടകത്തിലുടനീളം നിറഞ്ഞുനിൽക്കുന്ന നാടകീയ മുഹൂർത്തങ്ങളിൽ അതിശക്തമായ ആക്ഷേപഹാസ്യം തന്നെയാണ് പ്രതിഫലിക്കുന്നത്. പൊള്ളുന്ന മരുഭൂവും, പ്രമദവനികയും, കുളിർതെന്നലും,കൊടുംകാറ്റും ഒന്നിച്ചു കൂടുന്ന സത്യത്തിന്റെ വിശ്വരൂപമാണ് ഈ നാടകം എന്നാണ് ‘കാപാലികയുടെ’ മുഖവുരയിൽ എൻ. എൻ പിള്ള പറയുന്നത്. അത് പരമാർത്ഥമാണ്, കാരണം നഗ്നയാഥാർത്ഥ്യങ്ങളാണ് തീവ്രതയേറിയ സംഭാഷണങ്ങളിലൂടെ പിള്ള ആവിഷ്കരിക്കുന്നത്.
ആനുകാലിക രാഷ്ട്രീയ സാമൂഹിക സമ്മർദ്ദങ്ങളുടെ അതിശക്തമായ ആവിഷ്കരണമാണ് ‘ദി പ്രസിഡന്റ്’ എന്ന നാടകം. സോഷ്യലിസത്തെ ഒരു പ്രഹസനമാക്കി മാറ്റുന്ന ഭൗതികവാദികൾക്കെതിരെ ശക്തമായ വെല്ലുവിളി നടത്തുകയാണ് ഈ നാടകത്തിലൂടെ പിള്ള. തന്റെ നാടകങ്ങളിലൂടെ സാമൂഹികപ്രശ്നങ്ങൾ നിരത്തി അതിനെ വിമർശിക്കുന്നതിനൊപ്പം പ്രശ്നപരിഹാരം കൂടി നാടകകൃത്ത് നിർദ്ദേശിക്കുന്നുണ്ട്. ജനകീയ ജനാധിപത്യ- സോഷ്യലിസ്റ്റ്-റിപ്പബ്ലിക് എന്ന പേരിനെ പിള്ള അതിനിശിതമായ പരിഹാസശരങ്ങളാൽ എയ്തു വീഴ്ത്തി, അർദ്ധപട്ടിണിയിലും, മുഴുപ്പട്ടിണിയിലും ഇഴയുന്ന ഈ രാജ്യത്ത് ജനാധിപത്യമില്ലെന്ന സത്യം വിളിച്ചു പറയുന്നു.സമൂഹത്തെ കാർന്നുതിന്നുന്ന ‘ഹിപ്പോക്രസിയെ’ പിള്ള ചോദ്യംചെയ്യുന്നു. ജനാധിപത്യത്തിന്റെ മറവിൽ ജനങ്ങളെ വഞ്ചിക്കുന്ന ഭരണ വ്യവസ്ഥിതിയെയും, അതിന്റെ തലപ്പത്തിരിക്കുന്ന സ്വാർത്ഥമോഹികളായ രാഷ്ട്രീയ കോമരങ്ങളെയും തന്റെ നിശിതമായ പരിഹാസത്തിന് ഇരയാകുന്നു. ആദർശ ശുദ്ധിയുള്ള ഒരു പരമാധികാരിയെയാണ് ഇന്നത്തെ സമൂഹത്തിന് ആവശ്യം. രാഷ്ട്രീയ ശക്തികളുടെ കുതന്ത്രങ്ങൾ മൂലം നിസ്സഹായരായ ജനങ്ങളെ ഉണർവിന്റെ പാതയിലേക്ക് നയിക്കാനും ഒരു നവലോകം ഇവിടെ പടുത്തുയർത്താനും കഴിയുന്ന ഏകാധിപത്യ ഭരണത്തെ പിള്ള സ്വാഗതം ചെയ്യുന്നു. സമൂഹത്തിലെ എല്ലാ അനീതികളെയും ഈ നാടകത്തിലും തന്റെ മൂർച്ചയേറിയ പരിഹാസത്തിന് പാത്രമാക്കുന്നുണ്ട്.
സാങ്കൽപ്പികമായ ഒരു കഥ ആധുനിക ശാസ്ത്രങ്ങളുടെ അടിസ്ഥാനത്തിൽ അവതരിപ്പിക്കുന്ന നാടകമാണ് ‘ഈശ്വരൻ അറസ്റ്റിൽ ‘. മരണത്തിനും നിത്യതയ്ക്കും ഇടയിലുള്ള അപാരതയിൽ വച്ച് നടക്കുന്ന സംഭവങ്ങളാണ് ഈ നാടകത്തിൽ ചിത്രീകരിക്കുന്നത്. ശാസ്ത്രജ്ഞൻ ഈശ്വരനേക്കാൾ വലിയവനാണ് എന്ന ആശയം പിള്ള ഈ നാടകത്തിലൂടെ സ്ഥാപിക്കുന്നു. അനുവാചക ഹൃദയങ്ങളിൽ ചിന്തയുടെ തീപ്പന്തങ്ങൾ എറിയുന്നതിനൊപ്പം രൂക്ഷമായ സാമൂഹിക പരിഹാസവും ഉൾക്കൊള്ളുന്ന കരുത്താർന്ന നാടകമാണിത്. ‘ഭൂമിയിലെ പല വാർഡിലും കള്ളുപോലും കിട്ടാനില്ല’ എന്ന് നാടകത്തിലെ കഥാപാത്രം ആയ ‘പിശാച് ‘പറയുമ്പോൾ ദാരിദ്ര്യം സമൂഹത്തെ എത്രത്തോളംകാർന്നു തിന്നിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതിനൊപ്പം ഈയൊരു സാമൂഹിക വ്യവസ്ഥിതിയ്ക്കെതിരെ ഒളിഞ്ഞിരിക്കുന്ന പരിഹാസം കൂടി നമുക്ക് ദർശിക്കാം.സത്യത്തെ ലംഘിച്ചുകൊണ്ട് മനുഷ്യൻ പിശാചുക്കളായി മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ അധഃപതനത്തെ പ്രേക്ഷകർക്ക് മുൻപിൽ തുറന്നു കാട്ടുന്ന ഒരു നാടകം കൂടിയാണിത്. ശാസ്ത്രനേട്ടങ്ങളെ വിലയിരുത്തുന്നത്തിനോടൊപ്പം സാധാരണ കഥാപാത്രങ്ങളിലൂടെ ചിരിയും ചിന്തയും അനുവാചകരിലേയ്ക്ക് പകരുകയും ചെയ്യുന്നു.
ജീവിതത്തിൽ വിവിധ മേഖലകളിൽ നിന്നുള്ളവർ സ്വയം കഥാപാത്രങ്ങളായി മാറുന്ന സങ്കര നാടകമാണ് ‘ഞാൻ സ്വർഗ്ഗത്തിൽ’. സ്വന്തം മരണവും അതെക്കുറിച്ച് സങ്കൽപ്പിക്കുന്ന ബന്ധുമിത്രാദികളുടെ കാപട്യവും മാനസിക വൈകൃതങ്ങളും ഈ നാടകത്തിലൂടെ പിള്ള അവതരിപ്പിക്കുന്നു. ജീവിത ബന്ധങ്ങളുടെ തീക്ഷ്ണതയിൽ പൊള്ളയായ മൂല്യങ്ങളെയും ഹിപ്പോക്രാറ്റുകളയും അനാവരണം ചെയ്യുന്ന ഈ നാടകം പ്രമേയത്തിന്റെ സ്ഥായിയായ സംഘട്ടനത്തിലൂടെ നാടകകൃത്തിന്റെ ഉദാത്തമായ കാഴ്ചപ്പാട് അഭിവ്യഞ്ജിപ്പിക്കുന്നു. തന്റെ അംശങ്ങളെ തന്നെ കഥാപാത്രങ്ങളായി സൃഷ്ടിക്കുന്ന എൻ. എൻ പിള്ള എന്ന നാടകകൃത്ത് കഥാപാത്രങ്ങളുടെ ഉള്ളിൽനിന്ന് സമൂഹത്തിന്റെ മുഖത്ത് നോക്കി അട്ടഹസിക്കുന്നു.
കഥാപാത്രമില്ലാതെ നടൻമാർ മാത്രമുള്ള ജീവിതമാണ് ഏറ്റവും വലിയ നാടകമെന്നും, നടനും,കഥാപാത്രവും പ്രേക്ഷകനും ഒന്നായി തീരുന്ന റിഹേഴ്സൽ ആവശ്യമില്ലാത്ത സമ്പൂർണ്ണ ജീവിതമാണ് നാടകമെന്നും വിശ്വസിക്കുന്ന നാടകകൃത്ത് തന്റെ തന്നെ കുടുംബാംഗങ്ങളെയാണ് കഥാപാത്രങ്ങൾ ആക്കിയിരിക്കുന്നത്. മറ്റൊരു നാടകകൃത്തിനും തോന്നാത്ത ഈ ധൈര്യം പിള്ളയെ വ്യത്യസ്തനാക്കുന്നു.
മാറ്റത്തിനു വേണ്ടിയുള്ള ഒരു സമൂഹത്തിന്റെ വിങ്ങൽ മനസ്സിലാക്കി അതിനുചിതമായ ഭാഷയിൽ സാമൂഹിക വിമർശനങ്ങൾ തന്റെ നാടകത്തിലൂടെ പ്രയോഗിക്കാൻ കഴിഞ്ഞ നാടകകൃത്താണ് പിള്ള. ശുദ്ധമായ ഭ്രമാത്മകതയും, യാഥാർത്ഥ്യവും, സങ്കൽപ്പവും കൂടിക്കുഴഞ്ഞ ഒരു സങ്കര നാടകമാണ് ‘സുപ്രീം കോർട്ട്’. അധഃപതനോന്മുഖമായ ലോകത്തിൽ മനുഷ്യനന്മയുടെ ഒരംശം പോലും ഇല്ലാതാകുന്നു. സകല നാശത്തിനും കാരണം മത്സരബുദ്ധിയോടെയു ള്ള മനുഷ്യന്റെ അതിക്രമങ്ങളാണ്. മനുഷ്യമനസ്സുകളിൽ പകയുടെ തീപന്തങ്ങളാണ് എരിയുന്നത്. മനുഷ്യരാശിയെ വിഴുങ്ങികൊണ്ടിരിക്കുന്ന ദുഷ്പ്രവണതകളെ പിള്ള ആക്ഷേപഹാസ്യത്തിലൂടെ ഈ നാടകത്തിലും വിമർശന വിധേയമാക്കുന്നുണ്ടു .
സാമൂഹ്യ സംസ്കരണം എന്ന ലക്ഷ്യത്തിന് വേണ്ടി തന്റെ നാടകങ്ങളിൽ സാമൂഹിക പരിഹാസം സമർത്ഥമായി പ്രയോഗിച്ച അതുല്യനായ നാടകകൃത്താണ് എൻ. എൻ പിള്ള. ഈയൊരു ലക്ഷ്യത്തിന് വേണ്ടിയാണ് പിള്ള തന്റെ ഓരോ കഥാപാത്രങ്ങളെയും സൃഷ്ടിക്കുന്നത് തന്നെ. നാടകകൃതിയിലെ ഭാവതലത്തിന്റെ ആവിഷ്കരണം ഉത്തമനായ ഒരു സംവിധായകന്റെ ശ്രദ്ധയോടെ പാലിച്ചിട്ടുള്ള ഒരു നാടകകൃത്തുകൂടിയാണ് എൻ.എൻ പിള്ള.