"നില്‍ക്കാന്‍ ഒരു തറ, പിന്നില്‍ ഒരു മറ, എന്‍റെ മുന്നില്‍ നിങ്ങളും, എന്റെ ഉള്ളിൽ ഒരു നാടകവും അതാണ് തിയേറ്റര്‍." - N.N.P

‘ഞാൻ’ – ആത്മകഥ

ജീവിതത്തിന്‍റെ വിരൂപവും സുന്ദരവും ക്രൂരവും മൃദൃലവും ഭയാനകവും ഹാസ്യാത്മകവും ഉത്താനവും ഉത്കൃഷ്ടവും ആയ മുഖങ്ങള്‍ മാറി മാറി പ്രതിഫലിക്കുന്ന ഒരു കാലഘട്ടത്തിന്‍റെ കഥയാണ്;ദര്‍പ്പണമാണ് ഈ ആത്മകഥ.ഇതൊരു വ്യക്തിയുടെ കഥയല്ല. ഒന്നിലേറെ ജനസമൂഹങ്ങളുടെ കഥയാണ്.ചരിത്രത്തിന്‍റെ ഓരോ ഘട്ടങ്ങളിലും അടിമവര്‍ഗ്ഗം ചോരയിലെഴുതിപ്പോന്ന സ്വാതന്ത്ര്യവാഞ്ഛയുടെ കഥയാണ്.ഓരോ ഘട്ടത്തിലും ഉടമവര്‍ഗ്ഗത്തെ പ്രേരിപ്പിച്ച അധികാരോന്മാദത്തിന്‍റെയും വിജിഗീഷയുടെയും കഥയാണ്.

Read more

നാടകദര്‍പ്പണം (പഠനഗ്രന്ഥം)

നാടകകൃത്തിന്‍റെ ഭാവനയില്‍ വിരിഞ്ഞ ലിഖിത രൂപത്തെ ചലനാത്മകവും ഭാവാത്മകവുമായി സങ്കരകലകളുടെ അകമ്പടിയോടെ പ്രേക്ഷക സമക്ഷം അവതരിപ്പിക്കുന്ന നാടകകലയുടെ തന്ത്രജ്ഞനായ സംവിധായകന്‍പാലിക്കേണ്ട കർത്തവ്യങ്ങളുടെയും കർമ്മങ്ങളുടെയും സുവ്യക്തമായ രൂപരേഖയാണ് ഈ ഗ്രന്ഥം. പ്രേക്ഷകന് മാത്രം അദൃശ്യനായ ഈ വ്യക്തി ആ നാടകത്തെ രംഗാവതരണയോഗ്യമായി മാറ്റുന്നതിൽ സുദൃശ്യനായി തെളിവാർന്ന് നിലകൊള്ളുന്നു. നാടക സംവിധാനത്തെ കുറിച്ച് സമഗ്രമായി പഠിക്കുവാൻ ആഗ്രഹിക്കുന്നവർക്കും പഠിച്ചുകൊണ്ടിരിക്കുന്നവർക്കും പഠിച്ചു കഴിഞ്ഞവർക്ക് വീണ്ടും ഒന്ന് പഠിക്കാൻ സഹായിക്കുന്ന ഒരമൂല്യ ഗ്രന്ഥമാണ് നാടകദർപ്പണം. മൂന്ന് പതിറ്റാണ്ട് കാലത്തെ നാടക സപര്യയുടെയും അനുഭവ സമ്പത്തിന്റെയും പശ്ചാത്തലത്തിൽ എൻ. എൻ പിള്ള രചിച്ച ഈ പഠനഗ്രന്ഥം മലയാള നാടകവേദിക്കും ലോക നാടകവേദിക്കും മുതൽക്കൂട്ടാണ്. “നാടക സംവിധാനകലയെ ഒരു എൻജിനോടുപമിച്ചാൽ അതിന്റെ യൂസർ മാനുവൽ -ആണ് ഈ ഗ്രന്ഥം. ഇതാണ് ഒറ്റവാചകത്തിൽ എൻ. എൻ പിള്ളയുടെ നാടകദർപ്പണം”.


കര്‍ട്ടന്‍ (പഠനഗ്രന്ഥം)

നാടകം എന്ന ബൃഹത്തായ ദൃശ്യകലാമാധ്യമത്തിന്‍റെ ഉത്ഭവവും കാലാന്തരങ്ങളില്‍ കൂടിയുള്ള തളര്‍ച്ചയും വളര്‍ച്ചയും, ഇനി അങ്ങോട്ടുള്ള പ്രയാണവും, അതിന്‍റെ സുപ്രധാന ചേരുവകളും, ഒരടുക്കിന് രചിക്കപ്പെട്ട കൃതിയാണ് ‘കർട്ടൻ’. ആദിമ മനുഷ്യനില്‍ നിന്നുത്ഭവിച്ച പ്രാചീന നാടക മാതൃകകള്‍ മുതല്‍ ആധുനിക ബ്രഷ്ടിയന്‍ സങ്കേതങ്ങള്‍ വരേയും; നാടക കലയുടെ അവിഭാജ്യ ഘടകമായ നടന്‍ ദീക്ഷിക്കേണ്ട നടന സമ്പ്രദായങ്ങളും, മര്‍മ്മങ്ങളും; നാടകകലയുടെ എഞ്ചിനീയര്‍ ആയ സംവിധായന്‍ അറിഞ്ഞിരിക്കേണ്ട നാടകീയ മുഹൂര്‍ത്തങ്ങളും; ഇതിനെല്ലാം പുറമേ, നാടകാചാര്യന്‍റെ നാടക വീക്ഷണങ്ങളും, അനുഭവങ്ങളും സുവിദിതമായി രേഖപ്പെടുത്തിയിരിക്കുന്നു. ലോകനാടക വേദിയുടെ ശൈശവകാലഘട്ടം തൊട്ട് കൈപിടിച്ചുകൊണ്ടുപോകുന്ന ആദ്യതാളുമുതല്‍ വിസ്മയിപ്പിക്കുന്ന വിശ്വനാടകവേദിയുടെ വലിയ ഒരു ക്യാൻവാസാണ് അനുവാചക സമക്ഷം വിതാനിക്കപ്പെടുന്നത്. നാടകവും അഭിനയവും അടുത്തറിയാന്‍ ആഗ്രഹിക്കുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും കാലാകുതുകിക്കും ഇതൊരു ബാലപാഠമെങ്കിലും ആകും – തീര്‍ച്ച.


നാടകങ്ങൾ

01. ഫോളിഡോള്‍

ബ്രണ്ടൻ ചാണ്ടി എന്ന പോലീസ് കോണ്‍സ്റ്റബിളിന്‍റെ ജീവിതം പശ്ചാത്തലമാക്കി രചിച്ചിട്ടുള്ള ഈ നാടകം വൈകൃതങ്ങളെ ഉള്ളിലൊതുക്കി, മാന്യതയുടെ പൊയ്മുഖം ധരിച്ച് നൃത്തമാടുന്ന സമൂഹത്തിന്‍റെ മേല്‍ വന്നു വീഴുന്ന ഒരു അശനിപാതയാണ് ‘ഫോളിഡോള്‍’. ആ പേര് കേട്ട് ന്യായാധിപര്‍ വിറച്ചു, നിയമപാലകര്‍ ഞെട്ടി, മാന്യതയുടെ മറവില്‍ ഒളിയമ്പുമേന്തിനിന്നവര്‍ സംഭ്രമിച്ചു.

Read more

02. ക്രോസ് ബെല്‍റ്റ്

അന്നേ വരെയുള്ള മലയാള നാടകാവതരണ ശൈലിയില്‍ നിന്നും വൃത്വസ്ത പുലര്‍ത്തിയ നാടകമാണ്‌ ക്രോസ്‌ ബല്‍റ്റ്‌. ഇതില്‍ സത്യത്തിനും ധര്‍മത്തിനും വേണ്ടി നിലകൊണ്ട ഒരു ആന്റികറപ്ഷന്‍ ആഫീസറെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു നെറികെട്ട സമൂഹം.

Read more

03. ജന്മാന്തരം

ജീവിച്ചിരിക്കുന്ന കാലത്ത്‌ പ്രതിദാരാലികള്‍ അവഗണിക്കകെടുകയും മരിച്ചെന്നിഞ്ഞാല്‍ അവരുടെ പേരില്‍ സ്മാരകങ്ങളുയര്‍ത്തി ആഘോഷങ്ങള്‍ സംഘടികിക്കുകയും ചെയ്യുന്ന പ്രവണതയ്ക്കുനേരെ വിരല്‍ ചൂണുകയാണ്‌ നാടകകൃത്ത്‌ ഈ കൃതിയിലൂടെ. പ്രശസ്ത ചിത്രകാരനായ ദേവരാജന്‍ പല വര്‍ഷങ്ങള്‍ക്ക്‌ ശേഷം നാട്ടില്‍ തിരിച്ചെത്തുകയാണ്‌.

Read more

04. ആദിരാത്രി

പ്രേഠത്തെഷറ്റിയും വൈവാഹിക ബന്ധത്തെക്റ്റിയും നമുക്കുള്ള അന്തസ്സാരശുന്യമായ പല നിക്ഷിപ്തബോധങ്ങളേയും ചോദ്യം ചെയ്യുകയാണ്‌ നാടകകൃത്ത്‌ ഈ നാടകത്തിലൂടെ. അദ്യസ്തവിദ്വരായ ആ വധൂവരന്‍മാര്‍, ജയചന്ദ്രനും വിലാസിനിയും വിവാഹം കഴിഞ്ഞ ആദ്യരാത്രിയില്‍ തന്നെ ചില നഗ്നയാഥാര്‍ത്ഥ്യങ്ങളോട്‌ ഏറ്റുമുട്ടുകയാണ്‌.

Read more

05. മരണനൃത്തം

ഡോക്ടര്‍ മധുസൂദനന്‍ തമ്പിയെ കേന്ദ്രമാക്കി രചിച്ച ഈ നാടകത്തിലെ മൂന്നു രംഗങ്ങളും ഒരു നഴ്‌സിംഗ്‌ ഹോമിലെ മൂന്നു മുറികളിലായി നടക്കുന്നു. അവതരണത്തിനെടുക്കുന്ന സമയമാണ്‌ ഈ നാടകത്തിന്റേയും കാലദൈര്‍ഘ്യം. ഡോക്ടര്‍ തമ്പിയുടെ നേരെ നഴ്സും, ഭ്രാന്തിയും, ഭദ്രനുമൊക്കെ നടത്തിയ അക്രമങ്ങള്‍ അയാളുടെ

Read more

06. ഡൈനമ്മൈറ്റ്‌

സമൂഹത്തിന്റെ ശരീരത്തെ ബാധിച്ചിരിക്കുന്ന മാരകമായ അര്‍ബുദത്തിന്‍മേല്‍ ശ്രീ.എന്‍.എന്‍.പിള്ള നടത്തുന്ന നിശിതമായ ഒരു ശസ്ത്രക്രിയ എന്ന്‌ ഈ നാടകത്തെ വിശേഷിപ്പിച്ചാൽ തെറ്റില്ല.വര്‍ഷങ്ങളായി രാജ്യത്തിന്റെ നട്ടെല്ല്‌ വെട്ടിക്കീറിക്കൊണ്ടിരിക്കുന്ന തോംസണ്‍ അന്ധകാരത്തിന്റെ പ്രതീകമാണ്‌.

Read more

07. ക്ലൈമാക്സ്‌

തീഷ്ണമായ ഹാസ്യത്തിലൂടെ ഗൗരവപരമായ ആശയങ്ങള്‍ അവതരിപ്പിക്കുന്ന എന്‍.എന്‍ പിള്ളയുടെ ഈര്‍ജ്ജസ്വലമായ നാടകമാണ്‌ ക്ലൈമാക്‌സ്‌. ജീവിതത്തിന്റെ സങ്കീര്‍ണ്ണമായ ദാവ വികാരങ്ങളാണ്‌ എന്‍.എന്‍ പിള്ള ഇവിടെ പകര്‍ത്തുന്നത്‌.

Read more

08. ആത്മബലി

ഇൻഡ്യയുടെ വടക്കനതിർത്തിയിൽപ്പെട്ട നേഫയിലും ലഡാക്കിലും ചൈനീസ് സേന ഇരച്ചു കയറി അതിരൂക്ഷമായി ആക്രമണം നടത്തിയ കാലഘട്ടം. അന്ന് നടന്ന അതിഭയങ്കരമായ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നമ്മുടെ ഭാഷയിൽ ഉടലെടുത്ത നാടകങ്ങളിൽ വച്ചു കലാമൂല്യം തികഞ്ഞതെന്ന് നിരൂപകർ ഒന്നടങ്കം വിശേഷിപ്പിച്ച ഒരു നാടകമാണ് ആത്മബലി.

Read more

09. ടു ബി ഓർ നോട്ട് ടു ബി

‘അന്നു ഞാൻ മരിക്കേണ്ടതായിരുന്നു പക്ഷേ അന്നു ഞാൻ പകുതിയേ മരിച്ചുള്ളൂ. എന്തൊരു വിസ്മയം ഞാൻ ഒരിക്കലും ഒരാളെ രണ്ടു പ്രാവശ്യം കൊല്ലാൻ വിധിച്ചിട്ടില്ല. എന്നാൽ എനിക്ക് കിട്ടിയ വിധിയോ, ഇൻസ്റ്റാൾമെന്റായിട്ട് മരിക്കാൻ” ജസ്റ്റിസ് സുകുമാരൻ നായർ എന്നിട്ടു പരാജയപ്പെട്ടില്ല.

Read more

10. മെഹർബാനി

മെഹർബാനി എന്ന ഈ നാടകത്തിൽ കുട്ടനാടൻ പുഞ്ചവരമ്പുകളുടെ പശ്ചാത്തലത്തിൽ അതി തീക്ഷണമായ ഒരു പ്രമേയം അവതരിപ്പിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. വർഗ്ഗശത്രുവിന്റെ പേരിൽ രാഘവൻ എന്ന യുവാവിന്റെ ജീവൻ ക്രൂശിക്കപ്പെടുന്നു.

Read more

11. ഈശ്വരൻ അറസ്റ്റിൽ

പ്രേക്ഷക ഹൃദയങ്ങളിൽ ചിന്തയുടെ തീനാമ്പു കൊളുത്തിയ പ്രശസ്തമായ നാടകം. രചനകളിലും സംവിധാനത്തിലും അവതരണത്തിലും ശ്രദ്ധേയമായ പുതുമകളുടെ ആവിഷ്കരണം ഈ നാടകത്തെ ധന്യമാക്കുന്നു. ഈശ്വരൻ, പിശാച്, ഗോളജീവി, ഐൻസ്റ്റീൻ എന്നിവരോടൊപ്പം ചാക്കോ,

Read more

12. മന്വന്തരം

വിദിശയിൽ നിന്ന് അടിമയായി പിടിച്ച് പാടലീപുത്രത്തിൽ കൊണ്ടു വന്ന് മലയിടുക്കിൽ ബന്ധിക്കപ്പെട്ട വൃദ്ധനായ ഒരു ശില്പിയിലൂടെ ‘ശതഗുണ’നിലൂടെ മനുഷ്വത്വത്തിന്റെ മുഖംമൂടി വലിച്ചുരിയുകയാണ് നാടകകൃത്ത്, സംഹാരാഗ്നിയായി മാറി താണ്ഡവമാടുന്ന താരയും മൃഗീയതയുടെ മുന്നിൽ ആലവട്ടം വീശുന്ന അംബികയും ശരണത്രയങ്ങളിൽ അഭയം

Read more

13. സുപ്രീം കോർട്ട്

ശുദ്ധ ഭ്രമാത്മകവും, സങ്കല്പവും, യാഥാർഥ്യവും ഇടതൂർന്ന പുതിയൊരു മാനം സൃഷ്ടിക്കുന്ന ശക്തമായ നാടകമാണ് സുപ്രിം കോർട്ട്. ആദ്യ രംഗം നടക്കുന്നത് സ്ഥലകാലങ്ങളെല്ലാം നിഷേ ധിക്കപ്പെടുന്ന അപാരതയിലാണ് – അതൊരു കോടതിയാണ് അവിടെ ഗോഡ്സെയെ വീണ്ടും വിസ്തരിക്കുന്നു.

Read more

14. വൈൻഗ്ലാസ്സ്

ഓർക്കാപ്പുറത്ത് ജാരസംസർഗ്ഗം നേരിൽ കാണുന്ന ഭർത്താവിന്റെ കൈത്തോക്കിനു മുമ്പിൽ നീക്കുപോക്കില്ലാതെ സകല കുടുംബബന്ധങ്ങളും വിട്ടൊഴിഞ്ഞ് വിമതസ്ഥനായ കാമുകന്റെ കൂടെ ഇറങ്ങിപ്പോകേണ്ടിവരിക, സാംസ്കാരികസാമ്യം തൊട്ടുതെറിച്ചിട്ടില്ലാത്ത ചുറ്റുപാടുകളിൽ ജീവിക്കാനിട യാവുക.

Read more

15. കാപാലിക

മലയാള നാടകവേദിയിൽ ശ്രദ്ധേയമായ ചലനങ്ങൾ സൃഷ്ടിച്ച അതിശക്തമായ കൃതിയാണ് കാപാലിക. ബോംബെയിലെ ഒരു പരിഷ്കൃത ഫ്ളാറ്റിൽ ഭഗവത്ഗീതയും ബൈബിളും ഖുറാനും അവ യോടൊപ്പം വാത്സ്യായനന്റെ കാമ ശാസ്ത്രവും കാറൽ മാക്സിന്റെ മൂലധനവുമൊക്കെ

Read more

16. ഡാം

കിഴക്കൻ യൂറോപ്പിലെ പ്രസിദ്ധമായൊരു നാടോടിക്കഥയെ ഉപജീവിച്ചു. എൻ.എൻ.പിള്ള രചിച്ച കൃതിയാണ് ഡാം. ധനമോഹത്താൽ സ്വന്തം സഹോദരനെ, അവൻ സഹോദരനാണെന്നറിയാതെ വിഷം കൊടുത്തു കൊന്ന ഒരു സഹോദരിയുടെയും, കൂട്ടു നിന്ന ഒരമ്മയുടെയും അച്ഛന്റെയും കഥയാണിത്.

Read more

17. മരീചിക

സമൂഹത്തിലെ പല പൊള്ളത്തരങ്ങളുടേയും മാലിന്യങ്ങളുടേയും നേരെ വിരൽ ചൂണ്ടുന്നതിനോടൊപ്പം അവയ്ക്കെതിരായി മനംനൊന്തു ചിന്തിക്കുവാനും ധാർമ്മികരോഷം ആളിക്കത്തിക്കുവാനും നമ്മെ പ്രേരിപ്പിക്കുമാറ് നമ്മിലെ വികാരവീചികളെ ഇളക്കി വിടാനും

Read more

18. ഗറില്ല

സമൂഹത്തിലെ പല പൊള്ളത്തരങ്ങളുടേയും മാലിന്യങ്ങളുടേയും നേരെ വിരൽ ചൂണ്ടുന്നതിനോടൊപ്പം അവയ്ക്കെതിരായി മനംനൊന്തു ചിന്തിക്കുവാനും ധാർമ്മികരോഷം ആളിക്കത്തിക്കുവാനും നമ്മെ പ്രേരിപ്പിക്കുമാറ് നമ്മിലെ വികാരവീചികളെ ഇളക്കി വിടാനും

Read more

19. പ്രേതലോകം

ഏകാങ്ക രൂപത്തിൽ അദ്ദേഹം തന്നെ എഴുതിയതിൽ നിന്നും മുഴുനീള നാടകമാക്കി വികസിപ്പിച്ചാതാണ് ‘പ്രേതലോകം’ എന്ന നാടകം. എൻ.എൻ പിള്ളയുടെ കാപാലികയും, ക്രോസ് ബെൽറ്റും പോലെ ആയിരത്തിൽ പരം സ്റ്റേജുകളിൽ അവതരിപ്പിച്ച നാടകമാണിത്.

Read more

20. ഞാൻ സ്വർഗ്ഗത്തിൽ

ലോകനാടകവേദിയിൽ തന്നെ പകരം വയ്ക്കാനില്ലാത്ത കൃതിയാണ് ‘ഞാൻ സ്വർഗ്ഗത്തിൽ’ നാടകകൃത്ത് തന്റെ സ്വന്തം മരണവും തുടർന്ന് കുടുംബാംഗങ്ങളുടെയും, സഹപ്രവർത്തകരുടെയും മാധ്യമങ്ങളുടെയും പ്രതികരണങ്ങൾ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നു.

Read more

21. വിഷമവൃത്തം

പേര് സൂചിപ്പിക്കുന്നതുപോലെ ചതിയുടെയും വഞ്ചനയുടെയും വിഷമവൃത്തത്തിനുള്ളിൽ കിടന്നു കറങ്ങുകയാണ് ഇന്നത്തെ സമൂഹത്തിന്റെ പ്രതിഭലനങ്ങളായ ഇതിലെ കഥാപാത്രങ്ങൾ ഭർത്താവിനെ ചതിക്കുന്ന ഭാര്യാ, അമ്മയെ ചതിക്കുന്ന മക്കൾ, സഹോദരർ, കൂട്ടുകാർ, അങ്ങനെ തിരിച്ചും മറിച്ചും ചതിച്ചും വഞ്ചിച്ചും സ്വയം വഞ്ചിതരാവുന്ന ഒരു സമൂഹം.

Read more

ഏകാങ്ക നാടകങ്ങൾ

01. മഹത്തായ സന്ദര്‍ഭം

ബോധപൂര്‍വ്വം ദുര്‍ഗ്രാഹ്യത സൃഷ്ടിക്കുന്ന അത്യന്താധുനികവും ആധുനികോത്തരവുമായി വിശേഷിക്കപ്പെടുന്ന നവ സാഹിത്യകൃതികളേയും, വിപ്ലവത്തിനു വേണ്ടി വിപ്ലവം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരേയും നിശിതമായി പരിഹസിക്കുന്നു ഈ ഏകാങ്കത്തില്‍. തുടക്കം മുതല്‍ അവസാനം വരെ ‘Sattire’ എന്ന സങ്കേതത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ നാടകം സംഭാഷണ ചാതുര്യത്താല്‍ പഠനാര്‍ഹവും രസാവഹവുമാണ്. ‘ഏതന്‍സില്‍’ അപ്പോളോ ദേവന്‍റെ ക്ഷേത്ര ഗോപുരത്തില്‍ കൊത്തിയിരിക്കുന്ന മുദ്രാവാക്യമായ ‘Medan Agan’ അതായത് ‘എന്തിനും മിതത്വം’ എന്ന തത്ത്വം ഏത് കാലഘട്ടത്തിലും ഉചിതവും ആവശ്യവുമാണ് എന്ന് വിളിച്ചോതുന്നു ഈ നാടകം.

02. Flash Back

ഒരു പുരുഷന്‍റെയും സ്ത്രീയുടേയും മൂന്ന് കാലഘട്ടങ്ങള്‍ പ്രതിപാദിക്കുന്ന ഈ ഏകാങ്കത്തില്‍ അവരുടെ ആത്മസംഘര്‍ഷങ്ങളുടെയും ചിന്തകളുടേയും ഭാവഭേദങ്ങള്‍ ചിത്രീകരിക്കുന്നു. ജീവിതത്തിന്‍റെ നൈമിഷികത തുറന്നു കാട്ടുന്ന സംഭാഷണങ്ങള്‍ ചിന്തോദീപ്തമാണ്.

03. അതിനുമപ്പുറം

ഈ ഏകാന്തത്തിന്‍റെ ആമുഖത്തില്‍ നാടകകൃത്ത് സൂചിപ്പിക്കുന്നതുപോലെ ‘Surrealism’ ആണ് ഇതിന്‍റെ അവതരണശൈലി. ‘അഹമഹമിഹയാ’ എന്ന മനുഷ്യഭാവനയില്‍ കെട്ടിപ്പൊക്കിയ മഹാസൗധം വെറും ചീട്ടുകൊട്ടാരമാണെന്ന് പറഞ്ഞു തരുന്നു ‘Aristotle’ എന്ന കഥാപാത്രത്തിലൂടെ. ഇതിലെ സംഭവങ്ങള്‍ നടക്കുന്നത് സ്ഥലകാലങ്ങള്‍ ഇല്ലാത്ത അനന്തതയുടെ അപ്പുറത്താണ്. ‘ഇദംനമ്മ’ – ‘ഇതൊന്നും എന്‍റേതല്ല’, എന്ന മഹത്തായ ആശയത്തിന്‍റെ പരിപൂര്‍ണ്ണമായ പ്രസ്താവനയാണ് ‘അതിനുമപ്പുറം’.

04. Lottery

സ്വന്തം കുടുബത്താലും, സമുദായത്താലും, സമൂഹത്താലും അവഗണിക്കപ്പെട്ട മൃതപ്രായനും നിസ്വനുമായ ഒരു മനുഷ്യന് ബംബര്‍ ലോട്ടറി അടിക്കുന്നു. സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി എല്ലാവരും അടുത്തു കൂടുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ഇതിന്‍റെ ഇതിവൃത്തം. പണം എന്ന വികാരത്തിന് മറ്റെല്ലാ വികാരത്തേക്കാളും സുപ്രധാന സ്ഥാനം കല്‍പ്പിക്കുന്ന കപട സമൂഹത്തിന്‍റെ നേർക്കാഴ്ചയാണ് ഈ നാടകം.

05. ശുദ്ധമദ്ദളം

മരണമുഖത്ത് നില്‍ക്കുമ്പോഴും സ്വാര്‍ത്ഥനായ മനുഷ്യന്‍റെ രസകരമായ രംഗാവിഷ്കാരമാണ് ശുദ്ധമദ്ദളം. പ്രകൃതിയുടെ ഉല്‍കൃഷ്ട സൃഷ്ടിയായ മനുഷ്യന്‍ അതിന്‍റെ പരമോച്ഛ ഭാവങ്ങളെയും സൗന്ദര്യത്തെയും ആസ്വദിച്ച് ധീരനായി ജീവിക്കണം എന്ന ആശയം ഈ രചനയില്‍ അന്തര്‍ലീനമായി കിടക്കുന്നു.

06. Group Photo

സന്തോഷപൂര്‍ണ്ണമായ ഒരു കുടുംബത്തിലേക്ക് ദുഃഖത്തിന്‍റെ വെള്ളിടി വീഴുന്ന ഹൃദയഭേദകമായ ചിത്രീകരണമാണ് ഈ ഏകാങ്കം. പ്രവചനാതീതമായ ഒരു കടങ്കഥയാണ് ജീവിതം എന്ന രേഖപ്പെടുത്തലാണ് ഗ്രൂപ്പ് ഫോട്ടോ എന്ന ട്രാജഡി.

07. വേവിക്കു കരളില്ല

അഞ്ചു വയസ്സുള്ള ഒരു കുട്ടിക്ക് പറ്റുന്ന അബദ്ധത്തിന്‍റെ ദാരുണമായ ചിത്രീകരണമാണിതില്‍. അനുവാചകനെ ഏകകാലത്തില്‍ ഞെട്ടിക്കുകയും ദുഃഖത്തില്‍ ആഴ്ത്തുകയും ചെയ്യുന്നു ഈ ട്രാജഡി.

08. VAT-69

Experimental Drama / Drama of Probability/ Historical Fantasy/ A Drama of Possibility എന്ന പല നിര്‍വജനങ്ങളും നാടകകൃത്ത് ഈ കൃതിക്ക് നല്‍കുന്നു. സാക്ഷാല്‍ ശബരിമല അയ്യപ്പന്‍ നാടകകൃത്തിന്‍റെ വസതിയില്‍ വരുന്നതും അവര്‍ തമ്മിലുള്ള രസകരവും ചരിത്രപരവുമായ സംഭാഷണങ്ങളുമാണ് ഇതിന്‍റെ ഇതിവൃത്തം. പ്രാചീന ഗ്രീസിന്‍റെയും കേരളത്തിലെയും സംസ്കാരത്തെയും, ചരിത്രത്തെയും, വിശ്വാസങ്ങളെയും കോര്‍ത്തിണക്കി രചിച്ചിരിക്കുന്ന ഈ ഏകാങ്കം ലോക നാടകത്തില്‍ തന്നെ വേറിട്ട ഒരു പരീക്ഷണമാണ്.

09. ജഡ്ജ്മെന്‍റ്

തെളിവുകളെല്ലാം പ്രതികൂലമായ നിരപരാധിയെ രക്ഷിക്കാന്‍ ഒരു മകന്‍ നടത്തുന്ന സാഹസത്തിന്‍റെ രംഗാവിഷ്കാരമാണ് ജഡ്ജ്മെന്‍റ്. സമൂഹത്തിന്‍റെ ഭദ്രതയ്ക്കും പുരോഗതിക്കും സുഘടിതമായ നിയമങ്ങള്‍ ആവശ്യമാണെന്നും കാലാനുസൃതമായ മാറ്റങ്ങള്‍ നിയമത്തില്‍ അനിവാര്യമാണ് എന്നും നാടകകൃത്ത് സൂചിപ്പിക്കുന്നു.

10. Goodnight

തീര്‍ത്തും നിരുപദ്രവകാരിയായ ഒരു മനുഷ്യന്‍ ഭയത്തിന്‍റെ പരകോടിയില്‍ പ്രാണരക്ഷാര്‍ത്ഥം ഒരാളെ കൊല്ലുന്നു. മനസ്സിന്‍റെ സന്തുലിതമായ അവസ്ഥയില്‍ നിന്നും പടിപടിയായി വളരുന്ന ഭയം എന്ന വികാരത്തിന്‍റെ ഉത്തമ ദൃഷ്ടാന്തമാണ് Goodnight. നാടകകൃത്തിന്‍റെ സംഭാഷണ വൈഭവത്തിന്‍റെയും രചനാചാതുര്യത്തിന്‍റെയും മകുടോദാഹരണമാണ് ഈ കൃതി.

11. അരപ്പവന്‍

നാലുതാളുകളില്‍ ഒതുങ്ങി നില്‍ക്കുന്ന ഹൃദയസ്പര്‍ശിയായ ഈ ഏകാങ്കം വികാരതീഷ്ണമായ സംഭാഷണങ്ങളാല്‍ അനുവാചക മനസ്സില്‍ നിറഞ്ഞു നില്‍ക്കും. ദുര്‍വിധിയുടെയും പ്രതികൂല സാഹചര്യങ്ങളുടെയും ഫലമായി പൊഴിഞ്ഞു പോകുന്ന അനേകം ജീവിതങ്ങളുടെ ഒരു പ്രതിനിധിയാണ് ഇതിലെ ഭാനുവതിയമ്മ..

12. ശ്രീദേവി

ആദിമ ശിലായുഗത്തില്‍ നിന്നും യുഗാന്തരങ്ങളില്‍ കൂടി പരിണമിച്ച് ബാഹ്യമായും ആന്തരികമായും വളര്‍ന്നിരിക്കുന്നു ഇന്നത്തെ മനുഷ്യന്‍. എന്നാല്‍ സാംസ്കാരിക മൂല്യങ്ങളില്‍ പൊതിഞ്ഞിരിക്കുന്ന നവയുഗ മനുഷ്യന്‍റെയും ശിലായുഗ മനുഷ്യന്‍റെയും പ്രാഥമിക വേഗങ്ങള്‍ ഒന്നു തന്നെയാണ് എന്ന സത്യമാണ് നാടകകൃത്ത് വ്യാഖ്യാനിക്കുന്നത്.

13. അന്താരാഷ്ട്ര സസ്യസമ്മേളനം

ഫലങ്ങളും സസ്യങ്ങളും കഥാപാത്രങ്ങളായ ഈ നാടകം ലോക നാടകവേദിയില്‍ തന്നെ അപൂര്‍വ്വമായിരിക്കും. വിജ്ഞാനപ്രദവും രസകരവുമാണ് ഈ കൃതി. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവതരിപ്പിക്കാന്‍ അനുയോജ്യമായ ഒരേകാങ്കമാണ് അന്താരാഷ്ട്ര സസ്യസമ്മേളനം.

14. കുടുംബയോഗം

ഒരു വൃദ്ധനും വൃദ്ധയും മാത്രം കഥാപാത്രങ്ങളായ ഈ നാടകത്തില്‍ അവരുടെ സങ്കല്‍പ്പത്തില്‍ നൂറില്‍പരം ആളുകള്‍ രംഗവേദിയില്‍ പ്രത്യക്ഷപ്പെടുന്നു. ആ പ്രത്യക്ഷപ്പെടുന്ന ഓരോ വ്യക്തിയേയും അനുവാചകനും സങ്കല്‍പ്പിക്കുന്നു; അല്ല കാണുന്നു. ലോക നാടകത്തില്‍ തന്നെ മികച്ച ഒരു ഏകാങ്കവും, നാടകകൃത്തിന്‍റെ മാസ്റ്റർപീസ്സുമാണ് കുടുംബയോഗം എന്ന ട്രാജഡി.

15. മുടിഞ്ഞകുളി

രസകരമായ ഒരു കോമഡിയാണ് മുടിഞ്ഞകുളി. ലളിതമെങ്കിലും സംഭവങ്ങളുടെയും സംഭാഷണത്തിന്‍റെയും താളാത്മകമായ ആരോഹണ അവരോഹണങ്ങള്‍ ഇതിന്‍റെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു.

16. അണ്ടര്‍ വെയര്‍

സ്വന്തം തെറ്റുകള്‍ മറയ്ക്കാന്‍ മറ്റുള്ളവരുടെ തെറ്റുകളും കുറ്റങ്ങളും കണ്ടുപിടിക്കാന്‍ ശ്രമിക്കുന്ന മനുഷ്യന്‍റെ ഉപബോധ മനസ്സിന്‍റെ പ്രവണതയും പ്രവര്‍ത്തനങ്ങളും സ്പഷ്ടമായി ചിത്രീകരിച്ചിരിക്കുന്നു ഈ നാടകത്തില്‍. ദാമ്പത്യത്തിന്‍റെയും സൗഹൃദത്തിന്‍റെയും കപട മുഖപടം അനാവരണം ചെയ്യുന്നു അണ്ടര്‍വയര്‍ എന്ന ഏകാങ്കം.

17. മൗലികാവകാശം

രാഷ്ട്രീയം എന്താണെന്നറിയാതെ കൊടി പിടിക്കുകയും ഭരണഘടന എന്താണെന്നറിയാതെ ഭരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പ്രവര്‍ത്തകരേയും ഭരണാധികാരികളേയും നിശിതമായി പരിഹസിക്കുന്ന ഒരു പരിപൂര്‍ണ്ണ ‘പൊളിറ്റിക്കൽ സറ്റയർ’ ആണ് ഈ കൃതി. ആനുകാലിക രാഷ്ട്രിയത്തിന്‍റെ നേര്‍ക്ക് തിരിച്ചു പിടിച്ച കണ്ണാടിയാണ് മൗലികാവകാശം.

18. ആവര്‍ത്തനം

വേണ്ടുന്നതൊക്കെ നിഷേധിക്കുകയും വേണ്ടാത്തതൊക്കെയും വച്ചു നീട്ടുകയും ചെയ്യുന്ന ജീവിതത്തിന്‍റെ ഇരകളായ വാസുദേവന്‍റെയും പ്രഭാകരന്‍റെയും കഥ പറയുന്നു. ആവര്‍ത്തനം. ഇരുളടഞ്ഞ തന്‍റെ ജീവിതത്തിന്‍റെ പുനരാവര്‍ത്തനം തന്‍റെ മകനില്‍ കൂടി തന്നെ അവര്‍ത്തിക്കുന്നത് കാണേണ്ടി വരുന്ന ഒരു പിതാവിന്‍റെ വേദനയില്‍ അവസാനിക്കുന്നു ഈ നാടകം.

19. Fast Passanger

ജീവിതത്തിന്‍റെ ഇടവിടാതെയുള്ള പ്രവാഹത്തില്‍ അകന്നുപോയ രണ്ടു വ്യക്തികള്‍ ആകസ്മികമായി വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കണ്ടു മുട്ടുന്നു. ജീവിതത്തിന്‍റെ സായം സന്ധ്യയില്‍ കൂടി കടന്നു പോകുന്ന അനേകം വ്യക്തികളുടെ പ്രതിനിധികളാണ് ഇതിലെ കഥാപാത്രങ്ങള്‍.

20. Interview

നാളെ എന്ന മിഥ്യ, ക്ഷണികമായ ജീവിതം എന്ന ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ നാടകം ഒരു പ്രശസ്ത സാഹിത്യകാരന്‍റെ ജീവിതത്തിലെ തിരക്കേറിയ ദിവസത്തില്‍ കൂടി കടന്നുപോകുന്നു. നാടകകൃത്തിന്‍റെ ഭാഷാപാണ്ഡിത്യവും വ്യക്തിത്വമാര്‍ന്ന പാത്ര സൃഷ്ടിയും ഈ ഏകാങ്കത്തിന് മിഴിവേകുന്നു..

21. ThankYou

Farce എന്ന സങ്കേതത്തിന്‍റെ ഉത്തമമായ ആവിഷ്കാരമാണ് ThankYou അതിഭാവുകത്വം തുളുമ്പുന്ന കഥാപാത്രങ്ങളും അതിശയോക്തി നിറഞ്ഞ സന്ദര്‍ഭങ്ങളും പരിഹാസത്തില്‍ പൊതിഞ്ഞ വേറിട്ടൊരു ദൃശ്യവിരുന്നൊരുക്കുന്നു.

22. മശകോപനിഷത്ത്

കൊതുകുകള്‍ മുഖ്യകഥാപാത്രങ്ങളായ ഈ നാടകത്തില്‍ മനുഷ്യനാണ് പ്രതിനായകന്‍ ആജന്മ ശത്രുക്കളായ മനുഷ്യരുടെ കൂടെ സഹവര്‍ത്തിക്കുന്ന അല്പായുസ്സുകളായ കൊതുകുകളുടെ അനുഭവങ്ങളും ചിന്തകളും ആശങ്കകളും ഹാസ്യപ്രധാനമായി ചിത്രീകരിച്ചിരിക്കുന്നു. പ്രൊസീനിയം, അരീന, ഓപ്പണ്‍ എയര്‍ എന്നീ വ്യത്യസ്ത തീയറ്റര്‍ മാതൃകകളില്‍ ഒരുപോലെ അവതരണയോഗ്യമായ ഈ ഏകാങ്കം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അവതരിപ്പിക്കാന്‍ അനുയോജ്യമാണ്.

23. ആമരം

രണ്ട് ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന കഥാപാത്രങ്ങള്‍ ആ ദുരൂഹതയ്ക്ക് അവരുടേതായ അനുമാനങ്ങളും വ്യാഖ്യാനങ്ങളും നല്‍കുന്നു. ഓരോരുത്തരുടെയും കഥകള്‍ക്കൊടുവില്‍ മറ്റൊരത്യാഹിതം സംഭവിക്കുന്നു. ലോക ഏകാങ്ക നാടകങ്ങളുടെ പ്രധാന ശ്രേണികളില്‍ സുവ്യക്തമായ സ്ഥാനത്തിന് അര്‍ഹമാണ് ഈ കൃതി. നാടകകൃത്തിന്‍റെ വേറിട്ടൊരു പരീക്ഷണമാണ് ‘ആമരം’ എന്ന ഫാന്‍റസി.

Books Available at Mathrubhumi Books