"ലോകമായിരുന്നു എന്‍റെ യൂണിവേഴ്സിറ്റി, ജീവിതം എന്‍സൈക്ലോപീഡിയയും." - N.N.P

നാടകം ജീവിതസപര്യ ആക്കിയ കലാകാരന്‍. മലയാള നാടകവേദിയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുകയും അതിന്‍റെ അതിര്‍വരമ്പുകള്‍ വിസ്തൃതമാക്കുകയും ചെയ്ത വിപ്ലവകാരി. നാടകകൃത്ത്, നടന്‍, സംവിധായകന്‍, സംഘാടകന്‍, ഗ്രന്ഥകര്‍ത്താവ്, ഗാനരചിതാവ്, എന്നിങ്ങനെ നാടകകലയുടെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച സവ്യസാചി. മലയാള നാടകവേദിയും നാടക കലാസ്വാദകരും ആദരപുരസ്കരം ‘നാടകാചാര്യന്‍’ എന്ന വിശേഷണം ആ പേരിനൊപ്പം ചേര്‍ത്ത് വായിച്ചു. ആ വിശേഷണത്തെ അന്വര്‍ത്ഥമാക്കിയ അനന്യ പ്രതിഭയാണ് നാരായണ പിള്ള നാരായണ പിള്ള എന്ന എന്‍ എന്‍. പിള്ള. [ജനനം:1918; മരണം:1995]

‘രാഷ്ട്രീയ സാമൂഹിക നൃത്ത സംഗീത നാടകം’ എന്ന കല്പിത വിശേഷണത്തിലും അവതരണ രീതിയിലും അവലംബിച്ചിരുന്ന കലാരൂപത്തെ ‘നാടകം’ എന്ന പേരിലേക്ക് ക്രോഡീകരിക്കുകയും സ്വാംശീകരിക്കുകയും ചെയ്ത പരിവര്‍ത്തകനാണ് പിള്ള. നാടകം നടിക്കപ്പെടാനുള്ളതാണെന്നും പ്രേക്ഷകരാണ് അതിന്‍റെ വിധികര്‍ത്താവ് എന്നും പ്രസ്താവിച്ച പിള്ള മലയാള നാടകവേദിക്ക് നവദിശ പ്രദാനം ചെയ്തു. നാടകവിജയത്തിന്‍റെ അനിവാര്യ ഘടകങ്ങളായി കരുതിപ്പോന്നിരുന്ന പാട്ട്, നൃത്തം, പ്രേമരംഗം ഇവയൊന്നും കൂടാതെയും ഒരു നാടകം വിജയിപ്പിക്കാം എന്നദ്ദേഹം തെളിയിച്ചു. 32 മുഴുനീള നാടകങ്ങളും, 24 ഏകാങ്ക നാടകങ്ങളും, ‘കർട്ടൻ’, ‘നാടകദര്‍പ്പണം’ എന്നീ പഠനഗ്രന്ഥങ്ങളും, ‘ഞാൻ’ എന്ന ആത്മകഥയുമാണ് പ്രധാന കൃതികള്‍. 1952 ല്‍ ‘മനുഷ്യൻ’ എന്ന നാടകത്തിലൂടെ ജന്മം കൊണ്ട ‘വിശ്വകേരളകലാസമിതി’ എന്ന നാടകസംഘം വളര്‍ന്ന് അനേകം കലാകാരന്‍മാര്‍ക്ക് ശിക്ഷണം നല്‍കിയ നാടകകലാക്ഷേത്രമായി മാറി. നാലു പതിറ്റാണ്ടു കാലത്തെ തന്‍റെ രംഗജീവിതത്തിനിടയില്‍ കേരളീയ സമൂഹത്തെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത നിരവധി കഥാപാത്രങ്ങള്‍ തിരനീക്കി അരങ്ങാടി. ഈച്ച മുതല്‍ ഈശ്വരന്‍ വരെ ഉള്‍പ്പെടുന്ന അഞ്ഞൂറില്‍പ്പരം കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്‍റെ നാടകങ്ങളിലൂടെ അരങ്ങിലെത്തി. കേരളത്തില്‍ അങ്ങോളമിങ്ങോളവും ഭാരതമൊട്ടാകെയും ഗള്‍ഫ് നാടുകളിലും അദ്ദേഹത്തിന്‍റെ നാടകങ്ങളുടെ ഒരു ഘോഷയാത്ര തന്നെ നടന്നു. ‘കാപാലിക’, ‘Cross Belt’ , ‘പ്രേതലോകം’, ‘SupremeCourt’, ‘ഈശ്വരന്‍ അറസ്റ്റിൽ’, ‘Guerilla’, ‘വിഷമവൃത്തം’, ‘ആത്മബലി’, ‘Dam’, ‘കണക്ക് ചെമ്പകരാമന്‍’, തുടങ്ങിയ ബഹുജനപ്രീതിയാര്‍ജ്ജിച്ച നാടകങ്ങള്‍ ചരിത്രം സൃഷ്ടിച്ചു. സമൂഹതിന്മയ്ക്കുമേല്‍ ആഴത്തില്‍ തറച്ചു കയറിയ കൂരമ്പുകളായിരുന്നു തന്‍റെ ഓരോ നാടകങ്ങളും. Satire എന്ന സങ്കേതത്തിന്‍റെ നിര്‍ദ്ദയമായ ഉപയോഗത്തിലൂടെ ചതി, വഞ്ചന, അഴിമതി, കപടസദാചാരം തുടങ്ങിയ തിന്മകളെ തന്‍റെ നാടകങ്ങളിലൂടെ തുറന്നു കാട്ടി. അഗ്നി ദ്രാവകമായിരിക്കണം ‘Satire’ ന്‍റെ ഭാഷ്യം എന്ന് തന്‍റെ കഥാപാത്രങ്ങളിലൂടെ പ്രതിവദിച്ചു. ‘കാപാലിക’ എന്ന നാടകത്തില്‍ വ്യഭിചാരിണിയായ കാപാലികയുടെ തൊഴില്‍ എന്താണെന്നറിഞ്ഞപ്പോള്‍ അവര്‍ നല്‍കിയ സംഭാവന നിരസിക്കുന്ന പള്ളിവികാരിയോട് നടത്തുന്ന സംഭാഷണം ഇതാണ് ‘ഞാനിങ്ങനെ ആയതല്ലല്ലോ, ആക്കിയതല്ലെ!’ “അച്ചനെ പട്ടം കെട്ടിച്ചതും എന്‍റെ അരക്കെട്ടഴിച്ചതും ഒരേ സമൂഹമാണ്.” കേരളമൊട്ടാകെ പ്രകമ്പനം കൊള്ളിച്ച ഈ സംഭാഷണം സമൂഹമനസ്സാക്ഷിയോടും കപടസദാചാരവാദികളോടുമുള്ള തീക്ഷണമായ ചോദ്യമായിരുന്നു. തന്‍റെ നാടകങ്ങളിലൂടെ അനുവാചക മനസ്സിനെ ഇരുത്തി ചിന്തിപ്പിച്ച അദ്ദേഹം അവന്‍റെ ചിന്തകളെ ഒരു സെന്‍റീമീറ്ററെങ്കിലും ഉയര്‍ത്താന്‍ ആഗ്രഹിക്കുകയും, അത് സാധിക്കുകയും ചെയ്തു.

ക്രാഫ്റ്റില്‍ ‘Ibsen’ -ഉം സംഭാഷണത്തില്‍ Barnad Show – ഉം ആണ് തന്‍റെ മാര്‍ഗ്ഗദര്‍ശികള്‍ എന്നദ്ദേഹം പറയുന്നു. പാശ്ചാത്യനാടകവേദിയിലെ ആധുനികവും അതികായരും എന്ന് വിശേഷിക്കപ്പെടുന്ന ‘Bertolt Brecht, ‘Luigi Pirandalo’, ‘Eric Bently’, ‘Eugene Oneil’, ‘Strindberg’ തുടങ്ങിയ നാടകകൃത്തുക്കളുടെ ഗ്രന്ഥങ്ങള്‍ പഠിക്കുകയും അവയില്‍ നിന്ന് തന്‍റേതായ വ്യാഖ്യാനവും അവതരണശൈലിയും രൂപപ്പെടുത്തുകയും ചെയ്ത അത്യന്താധുനികനാണ് അദ്ദേഹം. Realism, Fantasy, Alienation, Surrealism, Expressionism തുടങ്ങിയ നൂതന സങ്കേതങ്ങള്‍ പിള്ള മലയാള നാടക വേദിക്ക് പരിചയപ്പെടുത്തി. അദ്ദേഹത്തിന്‍റെ ‘നാടകദര്‍പ്പണം’, ‘കര്‍ട്ടന്‍ ‘എന്ന പഠനഗ്രന്ഥങ്ങള്‍ ലോകനാടകവേദിയെക്കുറിച്ചും മലയാള നാടകവേദിയെക്കുറിച്ചും സമഗ്ര വിവരണവും, രസകരമായ നിരീക്ഷണങ്ങളും നല്‍കുന്നതിനോടൊപ്പം, ഒരു നടനും, സംവിധായകനും നാടകകൃത്തും എങ്ങനെ ആകണമെന്നും എങ്ങനെയാകരുതെന്നും വ്യക്തമായി രേഖപ്പെടുത്തുന്നു. മലയാള നാടകവേദിയുടെ ‘ബൈബിള്‍’ എന്ന വിശേഷണം ഈ ഗ്രന്ഥങ്ങള്‍ക്ക് കല്‍പിക്കുന്നത് ഒട്ടും അതിശയോക്തിയാവുകയില്ല.

“ഇത്രനാള്‍ നടന്നിട്ടും ഇത്തിരി കടക്കാത്തൊ
രൊത്തിരി മേടാണല്ലോ ജീവിത മഹാരണ്യം
എത്തിനില്‍പൂ ഞാനതില്‍ വക്കത്തീക്കാല്‍ വയ്പൊടു
ക്കത്തയല്ലിനിയെത്ര കാണുമെന്നറിയില്ല.”

ഒരു ദാര്‍ശനികന്‍റെ ജീവിതവീക്ഷണം ഈ വരികളിലും അദ്ദേഹം രചിച്ച കവിതകളിലും നിഴലിക്കുന്നു. ഉത്കൃഷ്ടമായ സാഹിത്യവാസന ഉണ്ടായിരുന്ന അദ്ദേഹത്തിന് ചരിത്രവും, ഫിലോസഫിയും, സൈക്കോളജിയും ആയിരുന്നു ഇഷ്ടവിഷയങ്ങള്‍.

കടുംനിറങ്ങളില്‍ വരച്ച വലിയ ഒരു ‘കൊളാഷ്’ ആയിരുന്നു അദ്ദേഹത്തിന്‍റെ ജീവിതമാകുന്ന ‘കാന്‍വാസ്’. ബാല്യകാലത്തു തന്നെ പുസ്തകവായന ശീലമാക്കിയ പിള്ള 12-ാം വയസ്സില്‍ 5000 – ല്‍പരം പദ്യങ്ങള്‍ ഹൃദിസ്ഥമാക്കി. സ്കൂള്‍ പഠനകാലത്തു കണ്ട ‘കൈനിക്കര കുമാരപിള്ള’ യുടെ വേലുത്തമ്പി ദളവ എന്ന നാടകം തന്നില്‍ വളരെയധികം സ്വാധീനം ചെലുത്തിയതായി അദ്ദേഹം പറയുന്നു. സ്കൂള്‍ പഠനകാലത്തു തന്നെ ഒരു നാടകത്തില്‍ പ്രധാന വേഷം ചെയ്തതാണ് നാടക വേദിയിലേക്കുള്ള ആദ്യ കാല്‍വയ്പ്. 19-ാം വയസ്സില്‍ Intermediate -ല്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ജീവിതം കെട്ടിപ്പെടുക്കുന്നതിനായി ‘മലയായില്’ എത്തിച്ചേര്‍ന്ന പിള്ള അഭിമുഖീകരിച്ചത് രണ്ടാം ലോക മഹായുദ്ധത്തിന്‍റെയും ആഭ്യന്തര കലാപങ്ങളുടെയും ഭീകര നേര്‍ക്കാഴ്ചകളായിരുന്നു. ജീവിക്കുവാനായി Journalist, Estate Supervisor, Medical Dresser, എന്നീ വേഷങ്ങള്‍ കെട്ടി. മലയന്‍ ഭാഷയും ജാപ്പനീസ് ഭാഷയും ഈ കാലയളവില്‍ സ്വായത്തമാക്കി. ‘നേതാജി’- ‘സുഭാഷ് ചന്ദ്രബോസി ന്‍റെ വ്യക്തി പ്രഭാവത്തിലും, ദേശസ്നേഹത്തിലും ആകൃഷ്ടനായി INA യില്‍ ചേർന്ന്, Publicity and Field propaganda unit ന്‍റെ Commanding Officer സ്ഥാനം വരെ കൈവരിച്ചു. INA ക്യാമ്പുകളില്‍ ദേശസ്നേഹത്തിന്‍റെയും സ്വാതന്ത്ര്യ സമരത്തിന്‍റെയും ബഡവാഗ്നി ആളിപ്പടര്‍ത്തുവാനും സൈനികരെ സമരോന്മുഖരാക്കുവാനും നേതാജിയുടെ നിര്‍ദ്ദേശത്തിലും സാന്നിദ്ധ്യത്തിലും എഴുതി അവതരിപ്പിച്ച നാടകങ്ങളായിരുന്നു, Thantia tope യും Qurbani യും. യുദ്ധാവസാനത്തോടെ തീര്‍ത്തും നിസ്വനായി നാട്ടില്‍ തിരിച്ചെത്തിയ പിള്ള പത്തുവര്‍ഷക്കാലം തനിക്കായി കാത്തിരുന്ന പ്രേമഭാജനത്തെ വിവാഹം ചെയ്തു. ഹ്രസ്വകാലം അധ്യാപകനായി സേവനമനുഷ്ഠിച്ച കാലത്ത് സ്കൂള്‍ വാര്‍ഷിക ദിനത്തിനായി എഴുതി സംവിധാനം ചെയ്ത ആദ്യ ഏകാങ്ക നാടകമായിരുന്നു ‘ആ ഓട്ടു കമ്പനി മതിയാര്‍ന്നു’. ജീവിതോപാധിയായി നാടകം സ്വീകരിക്കുന്നതിന് മുമ്പ് അദ്ദേഹം ഹോട്ടല്‍, തടിമില്ല്, ദിനപ്പത്രം തുടങ്ങിയ സംരംഭങ്ങള്‍ നടത്തി പരിച്ഛേദം പരാജയപ്പെടുകയായിരുന്നു. അനേകം പുരുഷായുസ്സുകള്‍ താണ്ടേണ്ട അനുഭവങ്ങള്‍ തന്‍റെ ഒരു പുരുഷായുസ്സില്‍ കൂടി താണ്ടിയ അപൂര്‍വ്വ വ്യക്തിത്വമാണദ്ദേഹം. അങ്ങനെ ജീവിതാനുഭവങ്ങളുടെയും ഭാവനയുടെയും ആലയില്‍ എന്‍.എന്‍.പിള്ള എന്ന അതുല്യനായ കലാകാരന്‍ രൂപപ്പെടുകയായിരുന്നു. “I am not one but a multitude” എന്ന് അദ്ദേഹത്തിന്‍റെ ലേഖനങ്ങളില്‍ കുറിച്ചിരിക്കുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്‍റെ സുഹൃത്തും പ്രശസ്ത സാഹിത്യകാരനുമായിരുന്ന ‘തകഴി ശിവശങ്കരപ്പിള്ള’ പറയുകയുണ്ടായി “അനിയാ നിന്‍റെ ജീവിതാനുഭവങ്ങളുടെ നാലിലൊന്നുപോലും എനിക്കില്ലല്ലോ” എന്ന്.

പിള്ളയുടെ മതങ്ങളെക്കുറിച്ചും സാമൂഹ്യമൂല്യങ്ങളെക്കുറിച്ചുമുള്ള അഭിപ്രായങ്ങള്‍ ശ്രദ്ധേയമാണ്.

“ഭീരുക്കള്‍ ചാരുന്ന മതിലാണ് ദൈവം”

ജീവിതം തന്നെ ഒരു വ്യാമോഹമല്ലേ!
മിഥ്യയായ സത്യം ; അഥവാ സത്യമായ മിഥ്യ

പിള്ള ഒരു പ്രത്യയശാസ്ത്രത്തിന്‍റെയോ പ്രസ്ഥാനത്തിന്‍റെയോ വക്താവായിരുന്നില്ല. ദേശസ്നേഹവും മാനുഷിക മൂല്യങ്ങളും എന്ന അടിസ്ഥാന തത്ത്വങ്ങളിലാണ് എന്നും വിശ്വസിച്ചിരുന്നത്. ചെറുതും വലുതുമായ നിരവധി പുരസ്കാരങ്ങള്‍ ഈ അപ്രമേയനായ കലാകാരനെ തേടിയെത്തി. ജീവീതത്തില്‍ ഒരിക്കല്‍ പോലും ഒരു ആനുകൂല്യത്തിനോ പാരിതോഷിതത്തിനോ, സ്ഥാനമാനങ്ങള്‍ക്കോ വേണ്ടി എവിടെയും തലകുനിക്കുകയോ കൈനീട്ടുകയോ ചെയ്തിട്ടില്ല. INA ല്‍ Commanding Officer ആയും പിന്നീട് INA Travancore State Relief Committee യുടെ ‘സെക്രട്ടറി’ യായി പ്രവര്‍ത്തിച്ചിരുന്നിട്ടും ‘ഞാന്‍ അവശനല്ല’ എന്ന് പറഞ്ഞുകൊണ്ട് തനിക്ക് അര്‍ഹമായ പെന്‍ഷന്‍ പോലും സ്വയം നിഷേധിക്കുകയായിരുന്നു.

1989 ല്‍ അരങ്ങിലെ സജീവ സാന്നിധ്യത്തില്‍ നിന്നും മാറി നിന്ന പിള്ള ജനപ്രിയ സിനിമകളായ ‘ഗോഡ് ഫാദറിലും’, ‘നാടോടിയിലും’ പ്രധാന വേഷങ്ങള്‍ ചെയ്തു. ഗോഡ് ഫാദറിലെ ‘അഞ്ഞൂറാന്‍’ എന്ന കാഥാപാത്രത്തിലൂടെ ഇന്നത്തെ തലമുറയ്ക്കും അദ്ദേഹം സുപരിചിതനാണ്. തനിക്കാരോടെങ്കിലും കടപ്പാടുണ്ടെങ്കില്‍ അതീ പ്രേക്ഷലക്ഷങ്ങളോട് മാത്രമാണെന്ന് അദ്ദേഹം തന്‍റെ ലേഖനങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

തികഞ്ഞ നാസ്തികനായ അദ്ദേഹത്തോട് ‘മരണശേഷം തന്‍റെ ഭൗതിക ശരീരം എങ്ങനെ മറവുചെയ്യുവാനാണ് ആഗ്രഹിക്കുന്നത്’ എന്ന് മക്കള്‍ ചോദിച്ചപ്പോള്‍ “അത് നിങ്ങളുടെ ഇഷ്ടംപോലെ ചെയ്തോ, വെട്ടിമൂടുകയോ, ചുട്ടുകരിക്കുകയോ ചെയ്യാം, പറ്റുമെങ്കില്‍ ഞാനെഴുതിയ നാലുവരി കവിത വല്ല കല്ലിലോ മറ്റോ ഒന്ന് കൊത്തി വച്ചാല്‍ മതി” എന്ന് പറഞ്ഞു.

“എന്തൊരത്ഭുതം എന്നെ പ്രപഞ്ചം സൃഷ്ടിച്ചതോ
അതോ ഞാനെന്നില്‍ കൂടി പ്രപഞ്ചം സൃഷ്ടിച്ചതോ
ഉത്തരം കാണാത്തൊരീ ചോദ്യങ്ങള്‍ കക്കവസാന
മുത്തരമെഴുതുമെന്‍ മരണപത്രത്തില്‍ ഞാന്‍”

മനോഹരവും അര്‍ത്ഥഗംഭീരവുമായ ഈ നാലുവരി കവിതയിലൂടെ ഇത്ര ലളിതമായി ഇതാണ് എന്‍.എന്‍. പിള്ള എന്ന “ഞാന്‍” എന്നു പറഞ്ഞ അത്ഭുതമാണദ്ദേഹം.

1995 നവംബര്‍ 14 ന് ആ അനശ്വര പ്രതിഭ കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞു. അദ്ദേഹം പണി കഴിപ്പിച്ച വീടായ “ഡയന്നീഷ്യ” യില്‍ ‘കൃഷ്ണശിലയില്‍ തീര്‍ത്ത സ്മൃതി മണ്ഡപത്തില്‍’ പ്രതിവര്‍ഷം നവംബര്‍ 14 ന് കുടുംബാഗങ്ങളും സുഹൃത്തുക്കളും, നാടകപ്രേമികളും തിരിതെളിച്ചും പുഷ്പാര്‍ച്ചന നടത്തിയും ആദരവര്‍പ്പിക്കുന്നു. കാലാതീതങ്ങളായ നാടകങ്ങളിലൂടെയും, കഥാപാത്രങ്ങളിലൂടെയും അമരത്വം വരിച്ച എന്‍.എന്‍.പിള്ള എന്ന അത്യുജ്ജ്വല പ്രതിഭ ഒരാലക്തിത ദീപമായി പ്രകാശിച്ചു കൊണ്ടിരിക്കുന്നു.

അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം ആ സ്മൃതി മണ്ഡപത്തില്‍ കൊത്തി വച്ചിരിക്കുന്ന ആ നാലുവരി കവിത എന്നും സ്പന്ദിച്ചുകൊണ്ടിരിക്കും. “എന്തൊരത്ഭുതം………..