NN Pillai | Actor | Drama Artist

I am large.
I contain multitudes

– Walt Whitman’s famous words

ഒരു ജന്മത്തിൽ പല ജന്മങ്ങളുടെ പ്രകാശം, പ്രതിഭ – ഒറ്റവാചകത്തിൽ പറഞ്ഞാൽ ഇതാണ് നാരായണപിള്ള നാരായണപിള്ള എന്ന എൻ.എൻ പിള്ളയുടെ ജീവിത സംഗ്രഹം. നാടകകൃത്തും നടനുമായിട്ടാണ് മലയാളികള്‍ എന്‍.എന്‍ പിള്ളയെ അറിയുന്നതെങ്കിലും അതിനെല്ലാമുപരി ഇന്ത്യന്‍ മാനമുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍റെത്.

നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മി അംഗമായ എന്‍ എന്‍ പിള്ള, സുഭാഷ് ചന്ദ്രബോസിന്‍റെ മുന്നില്‍ നാടകം അവതരിപ്പിച്ചയാളാണ്. ‘കുര്‍ബാനി’ എന്ന ആ നാടകം കണ്ട നേതാജി കരഞ്ഞു. നാടകം തീര്‍ന്നപ്പോള്‍ പിള്ളയെ അടുത്തു വിളിച്ച് തവിട്ട് നിറത്തിലുള്ള തുകല്‍ കൊണ്ട് തുന്നിയ ഒരു പേഴ്സ് സമ്മാനമായി നല്‍കി. ഒരു ഇന്ത്യന്‍ നാടകകൃത്തിനും ലഭിക്കാത്ത അംഗീകാരമായി പിള്ള അത് ശിരസില്‍ ചൂടി.

നാടകമെന്നാല്‍ എന്‍. എന്‍. പിള്ളക്ക് ആള്‍ക്കൂട്ടത്തെ രസിപ്പിക്കാനുള്ള കേവലമൊരു രംഗകലയായിരുന്നില്ല. പിള്ള എഴുതിയ എല്ലാ നാടകങ്ങളും സമൂഹമധ്യത്തിൽ പാകിയ കുഴിബോംബുകൾ ആയിരുന്നു. മനുഷ്യരും മതങ്ങളും എടുത്തണിയുന്ന മുഖംമൂടികൾ മാത്രമായിരുന്നില്ല, ആത്മാവ് വിറ്റ് അവർ തുടരുന്ന ജീവിതത്തിന്റെ ആഴങ്ങൾ വരെ ആ സ്ഫോടനങ്ങളിൽ ചിതറിത്തെറിച്ചു. മനുഷ്യരും അവര്‍ കെട്ടിപ്പടുത്ത സമൂഹവും, മതവും, ജനാധിപത്യവും, വിപ്ലവവും, രാഷ്ട്രീയവും, കുടുംബ ബന്ധങ്ങളും മാത്രമല്ല ദൈവങ്ങളും തിര്യക്കുകളും വരെ പിള്ളയുടെ മിന്നല്‍പിണര്‍ പോലുള്ള സംഭാഷണത്തില്‍ ചിറകു കരിഞ്ഞു വീണു. സ്വന്തം മരണത്തെ പോലും നാടകമാക്കി അദ്ദേഹം സ്വയം പരിഹസിച്ചു.

ജീവിതത്തിലാണെങ്കിലും കലയിലാണെങ്കിലും നിയന്ത്രിത ചട്ടവട്ടങ്ങളിൽ ഒതുങ്ങാതെ കുതറിയാണ് പിള്ള അവസാനകാലം വരെ കഴിഞ്ഞത്. അധികാരത്തിനും പണത്തിനും മുന്നില്‍ കുനിയാത്ത ഉയര്‍ന്ന ശിരസാണ് ഒരു മനുഷ്യന്‍റെ കൊടിപ്പടം എന്ന് അദ്ദേഹം വിശ്വസിച്ചു, പ്രലോഭനങ്ങളില്‍ വഴങ്ങാത്ത വാക്കുകളാണ് പ്രകാശമെന്നും.

നാടകങ്ങൾ രചിക്കുക മാത്രമല്ല വരും തലമുറകൾക്ക് വേണ്ടി നാടകത്തിന്‍റെ സങ്കേതങ്ങളും സങ്കീർണതകളും വിവരിച്ചു മനസ്സിലാക്കി കൊടുക്കുന്ന ഗ്രന്ഥങ്ങളും പിള്ള എഴുതി. അത് ഇപ്പോഴും നമ്മുടെ നാടക ധാരയ്ക്ക് പാഠപുസ്തകങ്ങൾ ആയി നിലകൊള്ളുന്നു. ഞാന്‍ എന്ന ആത്മകഥ മലയാളത്തിലെ മഹത്തായ രചനയായി വായിക്കപ്പെടുന്നു.

മലയാളികളുടെ ആകാശത്തെ ഒറ്റനക്ഷത്രമാണ് എൻ എൻ പിള്ള. ചേരി തിരിഞ്ഞ് ആണ് ഈ നക്ഷത്രത്തിന്‍റെ നില്‍പ്പ്. അതിൽ നിന്നുള്ള പ്രകാശത്തിന് തണുപ്പല്ല, പൊള്ളിക്കുന്ന ചൂടാണ്, അതേറ്റാൽ കരിഞ്ഞു ചാരം ആകുന്നതേയുള്ളൂ ഇപ്പോഴും നമ്മുടെ സമൂഹത്തിന്‍റെ പൊയ്മുഖങ്ങളും പൊറാട്ട് നാടകങ്ങളും. അതുകൊണ്ട് തന്നെ എന്‍. എന്‍. പിള്ളയുടെ സർഗ്ഗ പ്രപഞ്ചത്തിലേക്ക് പ്രവേശിക്കുക എന്നാൽ സ്വയം വിചാരണ ചെയ്യപ്പെടാൻ തയ്യാറാവുക എന്നാണർത്ഥം

– ശ്രീകാന്ത് കോട്ടയ്ക്കല്‍

എന്‍. എന്‍. പിള്ളയുടെ 'ഞാന്‍'

എന്‍.എന്‍ പിള്ളയുടെ ‘ഞാന്‍’ എന്ന ആത്മകഥയെക്കുറിച്ച് ഡോ.എം.ലീലാവതി എഴുതിയ അവതാരിക

ജീവിതത്തിന്‍റെ വിരൂപവും സുന്ദരവും ക്രൂരവും മൃദൃലവും ഭയാനകവും ഹാസ്യാത്മകവും ഉത്താനവും ഉത്കൃഷ്ടവും ആയ മുഖങ്ങള്‍ മാറി മാറി പ്രതിഫലിക്കുന്ന ഒരു കാലഘട്ടത്തിന്‍റെ കഥയാണ്; ദര്‍പ്പണമാണ് ഈ ആത്മകഥ. ഇതൊരു വ്യക്തിയുടെ കഥയല്ല. ഒന്നിലേറെ ജനസമൂഹങ്ങളുടെ കഥയാണ്. ചരിത്രത്തിന്‍റെ ഓരോ ഘട്ടങ്ങളിലും അടിമവര്‍ഗ്ഗം ചോരയിലെഴുതിപ്പോന്ന സ്വാതന്ത്ര്യവാഞ്ഛയുടെ കഥയാണ്. ഓരോ ഘട്ടത്തിലും ഉടമവര്‍ഗ്ഗത്തെ പ്രേരിപ്പിച്ച അധികാരോന്മാദത്തിന്‍റെയും വിജിഗീഷയുടെയും കഥയാണ്.

vijayaraghavan speaks

അച്ഛനെന്ന വ്യക്തിയെക്കുറിച്ചും, അദ്ദേഹത്തിന്‍റെ നാടകങ്ങളും മറ്റു കൃതികളെക്കുറിച്ചും അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ വെബ്സൈറ്റ് സഹായകമാകും എന്ന് കരുതുന്നു. അച്ഛന്‍റെ പേരില്‍ വര്‍ഷം തോറും കാസര്‍കോട്, മാണിയാട്ട് ‘കോറസ് കലാസമിതി’ നടത്തുന്ന നാടകോത്സവവും പുരസ്കാരങ്ങളും, കോട്ടയം അയ്മനത്ത് ‘ദയാ സാംസ്കാരിക വേദി’ നടത്തുന്ന പുരസ്കാരവും, മറ്റ് അനുസ്മരണ ചടങ്ങുകളും ഇതിലൂടെ നിങ്ങളില്‍ എത്തിക്കുവാനും ആഗ്രഹിക്കുന്നു. ഈ ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ പുതിയ കലാകാരന്‍മാരെ കണ്ടെത്തി അനുമോദിക്കുവാനുള്ള ഒരു പ്ലാറ്റ്ഫോം ആയി ഉപയോഗിക്കുവാനും ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും , നിര്‍ദ്ദേശങ്ങളും അറിയിക്കുക.

                                                                                        – വിജയരാഘവന്‍

ട്രിബ്യൂറ്റ്

 • ആർട്ടിസ്റ്റ് സുജാതൻ November 15, 2022

  എൻ.എൻ.പിള്ള സാറിനെ ഓർക്കുമ്പോൾ മനസ്സിലേക്കോടിയെത്തുന്നത് ഒളശ്ശയിലെ നാടക റിഹേഴ്സൽ കാലമാണ്. ഡയണീഷ്യയിലെ നാടകവണ്ടിയിടുന്ന ഷെഡിൽ വച്ച് സെറ്റുകൾ വരയ്ക്കുന്നതും, അതിരാവിലെ സാറും ഓമനച്ചേച്ചിയും സെറ്റ് കാണാൻ വരുന്നതും ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ കണ്ടതിന് ശേഷമുള്ള അഭിപ്രായ പ്രകടനങ്ങളുമൊന്നും മരിക്കാത്ത ഓർമ്മകളായി ഇന്നും മനസ്സിൽ സൂക്ഷിക്കുന്നു. കുട്ടനും,സാറും കൂട്ടുകാരെപ്പോലെ ഇടപഴകുന്നതു കാണുമ്പോൾ എനിക്ക് ജീവിതത്തിൽ ലഭിക്കാതെ പോയ സൗഭാഗ്യം കുട്ടന് ലഭിച്ചതിലുള്ള അസൂയ ആയിരുന്നു മനസ്സ് നിറയെ. സ്നേഹസമ്പന്നനായ നാടകാചാര്യനിൽ നിന്നും ലഭിച്ചിട്ടുള്ള അഭിനന്ദന വാക്കുകളാണ് എന്നെ ഇന്നത്തെ ഞാനാക്കിയത്.

 • പി.ആർ ഹരിലാൽ November 14, 2022

  എൻ.എൻ.പിള്ളയ്ക്ക് സമം എൻ.എൻ പിള്ള മാത്രം

  ധീര, ശൂര, വീര തുടങ്ങിയ വിശേഷണങ്ങൾ ആലങ്കാരികമായി പലരെപ്പറ്റിയും പറയുന്നുണ്ട്. എന്നാൽ അക്ഷരാർത്ഥപ്രയോഗത്തിൽ അത് എൻ.എൻ.പിള്ള സാറിനെപോലെ അപൂർവ്വമാളുകൾക്ക് ചേർന്നതാണ്. നൈർമല്യതയും, സത്യസന്ധതയും സ്നേഹവായ്പും ചേർന്നതാണെന്ന് മാത്രം, തെളിവ് അദ്ദേഹത്തിന്റെ ജീവിതം തന്നെ. അനീതികൾക്കും അനാചാരങ്ങൾക്കും എതിരെ തന്റെ നാടകങ്ങളി ലൂടെയും പ്രവൃത്തികളിലൂടെയും ജീവിതം നയിച്ചു പ്രതികരിച്ച അദ്ദേഹം മാതൃക തന്നെ. മലയാള നാടക ചരിത്രത്തിൽ സാറിന്റെ കസേര എന്നും ഒഴിഞ്ഞു കിടക്കുക തന്നെ ചെയ്യും. മലയാള നാടക വേദിയിൽ ആചാര്യൻ ഒരാൾ മാത്രം, എൻ.എൻ.പിള്ള. നാടകലോകത്തും ജീവിത ലോകത്തും പട വെട്ടി മുന്നേറിയ എൻ.എൻ പിള്ള സാറിന്റെ സ്മരണയ്ക്ക് മുന്നിൽ ആത്മ പ്രണാമം

 • ബിജു നെട്ടറ June 21, 2022

  എന്‍.എന്‍.പിള്ളയെന്ന നിർഭയനായ നാടകകൃത്തിനെ രൂപപെടുത്തിയതിൽ ഒന്നിലധികം ഘടകങ്ങളുണ്ട്. അസാധാരണമായ ജീവിതാനുദവങ്ങള്‍ക്കു പുറമെ അറിവു തേടിയുള്ള ഒരു പ്രയാണമായിരുന്നു അദ്ദേഹത്തിന്റെ ജീവിത യാത്ര. വായനയും പഠനവും നിരീക്ഷണവും നിരന്തരം ജീവിതാന്ത്യം വരെ തുടരാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നു. സമൂഹത്തിലെ പുഴുക്കുത്തുകളേയും, ഹിപ്പോക്രസിയേയും മൂര്‍ച്ചയേറിയ ശൈലിയില്‍ വിമര്‍ശിക്കുവാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത്‌ ഈ ഘടകങ്ങളാണ്‌. ധീരവും നൂതനവുമായ പരീക്ഷണങ്ങളിലൂടെ ഒരു വലിയ വിദാഗം പ്രേക്ഷകരെ ആകര്‍ഷിക്കുവാന്‍ നടന്‍, സംവിധായന്‍ എന്നതിലുപരി ദാര്‍ശനിക ചിന്തകള്‍ പ്രസരിപ്പിക്കുന്ന ജീനിയസ്‌ എന്ന നിലയിലും എന്‍.എന്‍.പിള്ള വിലയിരുത്തപ്പെടുന്നു . മരണാനന്തരം മഹാന്മാരെക്കുറിച്ച് പകരം വയ്ക്കാന്‍ ആരുമില്ല എന്നൊക്കെയുള്ള പറച്ചിലുകള്‍ ഉണ്ടാവാറുണ്ട്. എന്‍.എന്‍ പിള്ളയുടെ കാര്യത്തില്‍ ഈ വാക്പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ സത്യമായ വാക്പ്രയോഗമാക്കി മാറുന്നു.

ഇവെന്‍റ്സ്

ബോധപൂര്‍വ്വം ദുര്‍ഗ്രാഹ്യത സൃഷ്ടിക്കുന്ന അത്യന്താധുനികവും

കൂടുതല്‍ അറിയുവാന്‍

ബ്ലോഗ് പോസ്റ്റ്

NN Pillai

ജീവിതം എന്ന വിഷമവൃത്തത്തിൽ നാടകത്തിന്റെ വിശാല ലോകം

കൂടുതല്‍ അറിയുവാന്‍