എന്റെ വിശ്വാസം എനിക്കു വിശ്വത്തോളം പ്രായമുണ്ടെന്നാണ്. കോടാനുകോടി ദിവ്യ സംവത്സരങ്ങൾക്കുമുമ്പ് ഈ അണ്ഡകടാഹസൃഷ്ടിക്കാധാരമായ ആദിമൂലകമേഘപാളികളിൽ ഞാനുണ്ടായിരുന്നു. അന്നുമുതൽ ഇന്നുവരെ ഈ ബ്രഹ്മാണ്ഡസീമയ്ക്കുള്ളിൽ നടന്നിട്ടുള്ള എല്ലാ സർഗ്ഗപ്രക്രിയകളിലും ഞാനുണ്ടായിരുന്നു. പ്രപഞ്ചത്തോടൊപ്പം ഞാനും വളരുകയായിരുന്നു; പല ഭാവത്തിൽ, പല രൂപത്തിൽ. ഒരിക്കൽ ഞാൻ പ്രകാശരേണുക്കളായി പറന്നു നടന്നിട്ടുണ്ട്. പിന്നൊരിക്കൽ കാന്തവീചികളായി ഒഴുകിനടന്നിട്ടുണ്ട്; അലക്തിക സ്ഫുരണങ്ങളായി കോൾമയിർക്കൊണ്ടിട്ടുണ്ട്; ആദിസമുദ്രങ്ങളിൽ അമിനോ ആസിഡും അമീബയുമായി ഞാൻ നീന്തിക്കളിച്ചിട്ടുണ്ട്. മരക്കൊമ്പിൽ നിന്നു പിടിവിട്ട് മനുഷ്യനിലേക്കുള്ള ചാട്ടം; അതായിരുന്നു എന്റെ അവസാനത്തെ നേട്ടം. ആ എന്നെയാണ് ഒരു ചെറിയ പഞ്ചാംഗത്തിനകത്ത് ഒതുക്കാൻ ശ്രമിക്കുന്നത്. കഷ്ടം!